കെ.എസ്.യു അധ്യക്ഷനാകാന്‍ ശ്രമിക്കുന്ന കുട്ടിനേതാവ് അക്കാദമി സമരത്തെ ഒറ്റിയ ആളെന്ന് വിദ്യാര്‍ഥികള്‍

കുട്ടിനേതാവിന്റെ ബിരുദം നിയമവിരുദ്ധമെന്നും ആരോപണം

തിരുവനന്തപുരം: കെ.എസ്.യു തെരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് എ ഗ്രൂപ്പില്‍ തര്‍ക്കം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം നാളെയാണ്.

നിലവില്‍ എ ഗ്രൂപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന രണ്ടു പേരില്‍ തിരുവനന്തപുരം സ്വദേശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മൂന്നു വര്‍ഷം മുന്‍പ് മാത്രം കെ.എസ്.യുവില്‍ എത്തിയ തിരുവനന്തപുരത്തെ കുട്ടിനേതാവ് സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും അംഗമായിട്ടുണ്ട്. എന്നാല്‍ ലോ അക്കാദമിയില്‍ കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ എസ്.എഫ്.ഐക്കൊപ്പം ഈ നേതാവും ഒറ്റുകൊടുത്തെന്നാണ് നിലവിലെ മറ്റ് ഭാരവാഹികള്‍ ആരോപിക്കുന്നത്.

സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ അക്കാദമിയിലെ വിദ്യാര്‍ഥിനികള്‍ ഈ നേതാവിന് മനേജ്‌മെന്റിനെതിരെ ഗുരുതര ആരേപണങ്ങള്‍ ഉന്നയിച്ചുള്ള പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി സര്‍വകലാശലയിലെ ബന്ധപ്പെട്ടവരെ ധരിപ്പിക്കുന്നതിന് പകരം അക്കാദമി പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ കോണ്‍ഗ്രസ് നേതാക്കളോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കെ.എസ്.യു അക്കാദമിക്ക് മുന്നില്‍ സമരം ആരംഭിച്ചെങ്കിലും ഈ നേതാവ് അതിലൊന്നും പങ്കെടുക്കാതെ ഉടയാത്ത ഖദറുമായി എം.എല്‍.എ ഹോസ്റ്റലിലും ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലുമൊക്കെ കറങ്ങിത്തിരിയുകയായിരുന്നു. കെ. മുരളീധരന്‍ അക്കാദമിക്ക് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചപ്പോള്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പേരൂര്‍ക്കടയിലെത്തിയ ഈ കുട്ടിനേതാവ് സമരത്തിന്റെ സൂത്രധാരന്‍ താനാണെന്ന് നേതാക്കളെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റ് വിദ്യാര്‍ഥികള്‍ ഇയാളെ സമരപ്പന്തലില്‍ കയറാന്‍ അനുവദിച്ചില്ല.

കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജില്‍ ബിരുദ പഠനത്തിന് ഈ നേതാവ് ചേര്‍ന്നിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും എതിരാളികള്‍ ആരോപിക്കുന്നു. നിലവില്‍ ത്രിവത്സര എല്‍.എല്‍.ബിക്ക് ലോ അക്കാദമിയില്‍ പ്രവേശനം നേടിയത് ക്രമവിരുദ്ധമായാണെന്ന ഗുരുതര ആരോപണവും ശക്തമായിട്ടുണ്ട്.

കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ ബിരുദ പഠനം നടത്തുന്നതിനൊപ്പം തമിഴ്‌നാട്ടിലെ മറ്റൊരു സര്‍വകലാശാലയിലും ഇയാള്‍ സമാന്തരമായി ബിരുദത്തിന് രജിസ്റ്റര്‍ചെയ്യുകയും സര്‍ട്ടിഫിക്കറ്റ് നേടുകയുമായിരുന്നു. ഈ ബിരുദത്തിന്റെ ബലത്തിലാണ് അക്കാദമിയില്‍ പ്രവേശനം നേടയത്.

ഒരേ സമയം രണ്ട് കോഴ്‌സുകള്‍ക്ക് പഠിക്കാനാകില്ലെന്ന സര്‍വകലാശാലാ ചട്ടമാണ് ഇയാള്‍ ഇതിലൂടെ ലംഘിച്ചിരിക്കുന്നത്. ഒരേ സമയം രണ്ട് കോഴ്‌സുകളില്‍ ചേര്‍ന്നെന്ന ആരോപണമാണ് ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ഡോ. ലക്ഷ്മി നായരും നേരിടുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ താനും നിയമലംഘനം നടത്തിയെന്ന് ബോധ്യമുള്ളതിനാലാണ് ഈ കുട്ടിനേതാവ് ലോ അക്കാദമി സമരത്തില്‍നിന്ന് ബോധപൂര്‍വം മാറിനിന്നതെന്നാണ് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്.  സ്വന്തം കോളജിലെ വിദ്യാര്‍ഥികളെപ്പോലും ഒറ്റുകൊടുത്ത ഇയാള്‍ സംസ്ഥാനത്ത് കെ.എസ്.യുവിനെ എങ്ങനെ നയിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.

ഒറ്റുകാരനായ ഈ കുട്ടി നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എന്‍.എസ്.യു നേതൃത്വത്തിനും തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എതിരാളികള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോളജിനും സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.