ഐ.എസ്.ഐ.എസ് ബന്ധം: അറസ്റ്റിലായ  75 പേരില്‍ 21 മലയാളികള്‍

തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസുമായി ബന്ധമുള്ള 75 പേരെ അറസ്റ്റ് ചെയ്തതില്‍ 21 പേരും മലയാളികളെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ രാജ്യസഭയിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
രാജ്യത്ത് ദേശീയ കുറ്റാന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും സംസ്ഥാന പൊലീസുമാണ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 75 പേരെ അറസ്റ്റ് ചെയ്തത്. ഇതിലാണ് കേരളത്തില്‍നിനുള്ള 21 പേര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തെലുങ്കാന-16, കര്‍ണാടക- 9, മഹാരാഷ്ട്ര-8, മധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്-4, ഉത്തര്‍പ്രദേശ്-3, രാജസ്ഥാന്‍-2, തമിഴ്‌നാട്, ജമ്മു കാഷ്മീര്‍, പശ്ചിമബംഗള്‍ എന്നിവിടങ്ങളില്‍നിന്ന് നാല് പേരെ വീതവുമാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്നും മന്ത്രി വെളിപ്പെടുത്തി. ജമ്മുകാഷ്മീരിലെ ചില യുവാക്കള്‍ ഐ.എസ്.എസിന്റെ പതാക ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെയാണ് വിദ്യാസമ്പന്നരായ പല ചെറുപ്പക്കാരും ഐ.എസ്.എസിന്റെ ആശയങ്ങളോട് അടുക്കുന്നതെന്നും ദേശീയ കുറ്റാന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.