തിരുവനന്തപുരം: പുനര്‍നിയമനം വൈകുന്നതിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിലെ കാലതാമസമാണ് ഇത്തരമൊരു നടപടിക്ക് സെന്‍കുമാറിനെ പ്രേരിപ്പിച്ചത്.
സെന്‍കുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണു സുപ്രീംകോടതി വിധിച്ചത്. അടുത്ത ദിവസം തന്നെ വിധിയുടെ പകര്‍പ്പും തന്നെ ഉടന്‍ നിയമിക്കണമെന്ന കത്തും സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറി.
എന്നാല്‍ സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും ഉപദേശം കൂടി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അവരും നിയമ സെക്രട്ടറിയും വിധി നടപ്പാക്കണമെന്ന ഉപദേശമാണു സര്‍ക്കാരിനു നല്‍കിയത്. വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കേണ്ടതില്ലെന്നു നേരത്തെ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കോടതി ഉത്തരവില്‍ നടപടിയുണ്ടാകാത്തതിനാലാണ് സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്.
സുപ്രീം കോടതി വിധി വന്നതിനാല്‍ ബെഹ്‌റയ്ക്കു പൊലീസ് മേധാവിയായി തുടരാന്‍ കഴിയുമോ, അദ്ദേഹത്തിന്റെ പേരില്‍ ഇറങ്ങുന്ന ഉത്തരവുകള്‍ക്കു സാധുതയുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നു. വിധി നടപ്പാക്കണമെന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു.
 
            


























 
				
















