സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു

സർക്കാരിനെതിരെ ടിപി സെൻകുമാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനയാണ് ഹർജി നൽകിയത്.

ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഡി.ജി.പി സ്ഥാനത്ത് നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണു സുപ്രീംകോടതി വിധിച്ചത്. അടുത്ത ദിവസം തന്നെ വിധിയുടെ പകർപ്പും തന്നെ ഉടൻ നിയമിക്കണമെന്ന കത്തും സെൻകുമാർ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറി.

എന്നാൽ സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും ഉപദേശം കൂടി തേടാൻ സർക്കാർ തീരുമാനിച്ചു. അവരും നിയമ സെക്രട്ടറിയും വിധി നടപ്പാക്കണമെന്ന ഉപദേശമാണു സർക്കാരിനു നൽകിയത്. വിധിക്കെതിരെ റിവിഷൻ ഹർജി നൽകേണ്ടതില്ലെന്നു നേരത്തെ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, കോടതി ഉത്തരവിൽ നടപടിയുണ്ടാകാത്തതിനാലാണ് സെൻകുമാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്.

സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെങ്കിൽ അദ്ദേഹത്തെ മാറ്റിയ 2016 ജൂ‍ൺ ഒന്നിലെ ഉത്തരവ് റദ്ദാക്കണം. ആ ഉത്തരവിലാണു ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായും ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായും നിയമിച്ചത്. എൻ.ശങ്കർ റെഡ്ഡിയെ ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റിയതും അതേ ഉത്തരവിലായിരുന്നു. ആ ഉത്തരവു റദ്ദാക്കിയാൽ മറ്റു മൂന്നു പേരുടെ കാര്യം എന്താകും എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ സംശയം.