ശശികലയെ മറന്ന് അനുയായികള്‍; ആരും കാണാനില്ലാതെ ഒറ്റപ്പെട്ട് ചിന്നമ്മ

ബംഗളുരു: എഐഎഡിഎംകെ നേതാവ് വി കെ ശശികലയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍കുറവ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഇടയില്‍ മൂന്നു പേര്‍ മാത്രമാണ് ശശികലയെ കാണാനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ് ശശികലയെ തമിഴക രാഷ്ട്രീയത്തില്‍ അപ്രസക്തയാക്കുന്നതെന്നാണ് സൂചന.

പനീര്‍ശെല്‍വവും പളനിസ്വാമിയും കൈകോര്‍ത്തതും ശശികലയുടെ ബന്ധു ടിടിവി ദിനകരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതും ശശികലയുടെ കരുത്ത് ചോര്‍ന്നതിന് തെളിവാണ്. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ ടിടിവി ദിനകരന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുമാണ്. ഈ സംഭവവികാസങ്ങളെത്തുടര്‍ന്ന് ശശികലയുടെ പിന്തുണ വളരെ കുറയുകയും ചെയ്തു. ഇതോടെയാണ് ശശികലയെ ജയിലില്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നത്. ഏപ്രില്‍ 15ന് ശേഷം തമിഴ്നാട്ടില്‍നിന്ന് മൂന്നു പേര്‍ മാത്രമാണ് ശശികലയെ കാണാന്‍ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയത്.

ഈ മൂന്നു പേരില്‍ ഒരാള്‍ ശശികലയുടെ അടുത്ത ബന്ധുകൂടിയായ അവരുടെ ഡോക്ടര്‍ ആയിരുന്നു. ശശികല ജയിലിലേക്ക് വരുമ്പോള്‍ ദിവസവും അവരെ കാണാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും എത്തുമായിരുന്നു. ജയിലില്‍ ഉള്ളപ്പോഴും ശശികല പാര്‍ട്ടിയില്‍ ശക്തയായിരുന്നു. അതിനെ തുടര്‍ന്നാണ് പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയതും അടുത്ത ബന്ധുവായ ടിടിവി ദിനകരനെ പാര്‍ട്ടിനേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ശശികല പാര്‍ട്ടിയില്‍ അപ്രസക്തയായിരിക്കുന്നു.