സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ സമരം രണ്ടാം ദിവസത്തിൽ

സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ സമരം രണ്ടാം ദിവസത്തിൽ. റേഷൻ വ്യാപാരികൾക്ക് വേതനം അനുവദിയ്ക്കുക, ഇടക്കാലാശ്വാസം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമരം നടത്തുന്നത്. അതേസമയം, കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമരത്തിൽ നിന്നും വിട്ടുനില്‍ക്കുകയാണ്.

റേഷൻ വ്യാപാരികളുമായി കഴിഞ്ഞ മാസം മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരത്തിന് ഒരു മാസം സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് സമരത്തിൽ നിന്നും പിൻമാറുന്നതെന്ന് കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

എന്നാൽ ഈ മാസം പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത മാസം മുതൽ സമരം ആരംഭിക്കും. സംസ്ഥാനത്ത് പതിനാലായിരത്തോളം റേഷൻ കടകളാണുളളത്. ഇതിൽ പകുതിയോളം റേഷൻ വ്യാപാരികൾ തങ്ങളുടെ സംഘടനയിലാണുളളതെന്ന് കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ അവകാശപ്പെടുന്നു.