സെന്‍കുമാറിന്റെ പുനര്‍നിയമനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ടിപി സെന്‍കുമാറിന്‍റെ പുനര്‍നിയമനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള നടപടികള്‍ ചീഫ് സെക്രട്ടറി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്.

ഇതുസബംന്ധിച്ച് അഡ്വക്കറ്റ് ജനറലിന്‍റ നിയമോപദേശം ലഭിച്ചതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി ആരുടേയും ജയമോ തോല്‍വിയോ അല്ല. നീതി നടപ്പാവുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി വെള്ളിയാ‍ഴ്ച്ച പരിഗണിക്കും.