മത്തി വേണോ മത്തി!! മത്തിവില വീണ്ടും കുതിക്കുന്നു; മലയാളിയുടെ തീന്‍മേശയില്‍ മത്തി അന്യമാകുന്നു

കപ്പയും മീന്‍കറിയും ഇനി ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാകുന്ന കാലം വരുന്നു

കൊച്ചി: മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിക്ക് (ചാള) റെക്കോഡ് വില. കേരളത്തീരത്ത് മത്തി കിട്ടാതായതോടെയാണ് മലയാളിയുടെ സ്വന്തം മത്തിയുടെ വില വീണ്ടും റോക്കറ്റിലേറിയത്. മാസങ്ങള്‍ക്ക് മുന്‍പ് 120 രൂപ വിലയുണ്ടായിരുന്ന മത്തിയുടെ വില 200 രൂപയോളമെത്തി. തീരപ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നാടന്‍ മത്തി ലഭിക്കുക,. ഇത് വളരെ വിരളമായാണ് ലഭിക്കുന്നത്. ഗുണവും രുചിയും കൂടുതലുള്ള മത്തിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇതിനാല്‍ കൂടിയ വിലകൊടുത്തും വാങ്ങാന്‍ ആളുകള്‍ ഏറെയാണ്. ഇതോടെ മത്തിയുടെ ഡിമാന്‍ഡും വര്‍ധിച്ചു. വലിയ മീനുകള്‍പോലും ഉപേക്ഷിച്ചാണ് തീരദേശമേഖലകളിലെ മാര്‍ക്കറ്റുകളില്‍ നിന്നും വിലകൂടുതലുള്ള ഫ്രഷ് മത്തി വാങ്ങുന്നത്. മറ്റു സ്ഥലങ്ങളില്‍ ഒമാനില്‍ നിന്നും മറ്റിടങ്ങില്‍ നിന്നുമുള്ള മത്സ്യങ്ങളാണ് മത്തിയുടെ ലേബലില്‍ വിറ്റഴിക്കപ്പെടുന്നത്. ഇവയാകട്ടെ ദിവസങ്ങളോളം പഴമേറിയതും. ഒരുകാലത്ത് കേരളതീരത്ത് സുലഭമായിരുന്ന മത്തിയുടെ ലഭ്യത കുറഞ്ഞതോടെ തീരദേശമേഖലയിലെ തൊഴിലാളികലും ദുരിതത്തിലായി.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കേരള തീരത്ത് സുലഭമായിരുന്ന മത്തി ഉള്‍പ്പടെയുള്ള മത്സ്യങ്ങള്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് ചേക്കേറിയിരുന്നു. മണ്‍സൂണ്‍കാലത്ത് കിട്ടിയിരുന്ന മത്തിയുടെ മൂന്നിലൊന്ന് ശതമാനം പോലും ഇപ്പോള്‍ കിട്ടുന്നില്ല.
മത്തിയുടെ ക്ഷാമം കാരണം കേരളത്തിലെ മത്സ്യമേഖലയില്‍ 28.2% തൊഴില്‍ കുറയുകയും മത്തിയുടെ വില 60% കൂടുകയും ചെയ്തു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ)പഠനം വ്യക്തമാക്കുന്നു. 2012ല്‍ കേരളത്തില്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചപ്പോള്‍ 2013ല്‍ ഇത് 6.71 ലക്ഷം ടണ്ണായി. 2014ല്‍ 5.76 ലക്ഷം ടണ്ണായും 2015ല്‍ 4.82 ലക്ഷം ടണ്ണായും കുറഞ്ഞു. തീരദേശത്തെ താങ്ങിനിര്‍ത്തിയിരുന്ന മത്തി ഒരുവര്‍ഷംകൊണ്ട് 55 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. അതിരു കടന്നുള്ള മത്സ്യബന്ധനം, മത്തിയുടെ പ്രജനന സമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് തുടങ്ങിയവയാണ് ജനകീയ മത്സ്യമായ മത്തി കുറയുന്നതിനുള്ള പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.2010-2012 കാലയളവില്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മത്തി കുറയുന്നതിന് ഒരു പ്രധാന കാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.മത്സ്യലഭ്യതയില്‍ ഗുജറാത്തിനും (7.12ലക്ഷം ടണ്‍), തമിഴ്‌നാടിനും (6.65ലക്ഷം ടണ്‍) പിന്നില്‍ മൂന്നാമതാണ് കേരളത്തിന്റ സ്ഥാനം. കേരളത്തോളം നീളത്തില്‍ കടലുണ്ടെങ്കിലും മീന്‍ ലഭ്യതയില്‍ നാം പിന്നോട്ടുപോവുകയാണ്. മഴയും കാറും കോളും അനുകൂലമായിട്ടും ആഴ്ചകളോളം കടലില്‍പോയിട്ടും ഒന്നും കിട്ടാതെ മടങ്ങുന്നവര്‍ ഏറെപ്പേരാണ്. ചാകര കേരള തീരത്ത് അപൂര്‍വസംഭവമായി.
കേരളത്തിനു പുറമെ ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ര്ട, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം മത്സ്യലഭ്യതയില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നു. പ്ലാസ്റ്റിക്ക്, എണ്ണ, കീടനാശിനി, ആസിഡ് തുടങ്ങിയ മാലിന്യങ്ങള്‍ കടലില്‍ അടിഞ്ഞുകൂടുന്നതും രാസമാലിന്യങ്ങള്‍ വ്യാപകമായി കായലിലേക്ക് എത്തുന്നതും കടല്‍ജീവികളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് കൊല്ലത്തെ മത്സ്യവ്യാപാരിയായി കെ. മത്യാസ് പറഞ്ഞു. പ്രജനനകാലത്ത് കടലില്‍ ജെല്ലിഫിഷുകളുടെ (കടല്‍ച്ചൊറി) വന്‍തോതിലുള്ള സാന്നിധ്യമാണ് മത്തി ഉള്‍പ്പെടെ മീനുകള്‍ക്ക് തിരിച്ചടിയാവുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്തി ഉള്‍പ്പടെ കേരളതീരത്ത് നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന മത്സ്യസമ്പത്തിനെ തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആര്‍ഡഐയും ഇന്ത്യയിലെ മറ്റു മത്സ്യഗവേഷണ സ്ഥാപനങ്ങളും.