മദ്യപിച്ചു കനാലില്‍ ചാടിയ കുട്ടിയെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി; മദ്യം നല്‍കിയത് പിതാവ്

അടൂര്‍: പിതാവ് നല്‍കിയ മദ്യം കഴിച്ച ലഹരിയില്‍ വീട്ടുകാരുമായി വഴക്കുകൂടി സമീപത്തെ കനാലില്‍ ചാടിയ പതിനഞ്ചുകാരനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. കാഴ്ചക്കാരനായ മറ്റൊരു മദ്യപന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ പതിനഞ്ചുകാരനെയും പിതാവിനെയും മര്‍ദിച്ചു. മാതാവിന്റെയും സ്ത്രീകളുടെയും അലമുറ അവഗണിച്ച് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുക്കാതെ സ്ഥലംവിട്ടു.

കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിനു ചേന്നമ്പള്ളി- പെരിങ്ങനാട് പാതക്കു സമീപം കെ.ഐ.പി കനാലിലാണ് കുട്ടി ചാടിയത്. കുത്തൊഴുക്കില്‍പെട്ട് ഒഴുകി വശത്തെ വാഴപ്പിണ്ടി തടയണയില്‍ പിടിച്ചുകിടന്ന കുട്ടിയെ അടൂരില്‍നിന്ന് അഗ്‌നിശമനസേന എത്തി രക്ഷിക്കുകയായിരുന്നു. കരയില്‍ കയറിയ കുട്ടി നാട്ടുകാരെയും കണ്ടുനിന്നവരെയും തെറിയഭിഷേകം നടത്തിയപ്പോള്‍ കണ്ടുനിന്ന മധ്യവയസ്‌കന്‍ മദ്യലഹരിയില്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു.

അടൂര്‍ എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ കൗമാരക്കാരനെ അവരുടെ മുന്നിലിട്ടും മര്‍ദിക്കുകയും വലിച്ചിഴച്ച് എസ്.ഐയുടെ മുന്നിലെത്തിക്കുകയും ചെയ്തു. വഴിയില്‍ നിന്ന പിതാവിനെയും ഇയാള്‍ മര്‍ദിച്ചു. നടപടിയില്ലാതെ എസ്.ഐയും സംഘവും വന്നവഴിയേ തിരിച്ചുപോയതിനെ തുടര്‍ന്ന് ഇയാള്‍ വീണ്ടും കുട്ടിയെ ക്രൂരമായി തല്ലി. ദേഹമാസകലം പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും ആരും തയാറായില്ല.

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോഴായിരുന്നു മര്‍ദനം. നാട്ടുകാരില്‍ ചിലര്‍ ഇയാളെ പിന്തിരിപ്പിച്ചു വിടുകയായിരുന്നു. കെ.ഐ.പി കനാല്‍ പുറമ്പോക്കിലെ കുടിലില്‍ താമസിക്കുന്നയാളുടെ രണ്ടുമക്കളില്‍ മൂത്തവനാണ് കനാലില്‍ ചാടിയത്. രണ്ട് ആണ്‍മക്കള്‍ക്കും പിതാവ് മദ്യം കൊടുക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.