നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രം അ‍ഴിച്ച് പരിശോധന നടത്തിയ സംഭവം ന്യായീകരിക്കാനാകാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അപരിഷ്കൃതമായ നടപടിയാണുണ്ടായത്. സിബിഎസ് സിയുടെ യുക്തിരഹിതമായ നടപടികളാണ് സംഭവത്തിന് പിന്നിൽ.

വിദ്യാർഥികളിൽ അനാവശ്യമായ മാനസികാഘാതം ഉണ്ടാക്കുന്ന നടപടിയാണ് ഉണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകി. വനിതാ ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല. ബന്ധപ്പെട്ട വീടുകളിൽ നേരിട്ടെത്തി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പ് നൽകി. ക‍ഴിഞ്ഞ ദിവസത്തെ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.