പുതിയ മദ്യനയം ജൂൺ മുപ്പതിന് മുമ്പ്

പുതിയ മദ്യനയം ജൂൺ മുപ്പതിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യഷാപ്പുകൾ പൂട്ടിയത് കൊണ്ട് ലഹരി ഉപയോഗം കുറയില്ല. ലഹരി വർജനം മാത്രമാണ് പരിഹാരം.

യഥാർത്ഥ്യം മനസിലാക്കി നയം രൂപീകരിക്കുന്ന സമയത്ത് ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്നും എക്‌സൈസ് മന്ത്രി നിയമസഭയിൽ പറഞ്ഞു. ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീം കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ സംസ്ഥാനത്തെ ആയിരക്കണക്കിന് മദ്യശാലകൾക്കാണ് പൂട്ട് വീണത്. ബിയർ- വൈൻ പാർലറുകൾ, ബിവറേജസ് ഔട്ട്‌ലെറ്റുകൾ, കള്ളുഷാപ്പുകൾ എന്നിവയ്ക്ക് പൂട്ടുവീണു.

ഇതോടെ സർക്കാരിനുണ്ടായ വരുമാനനഷ്ടം കോടികളാണ്. വരുമാന നഷ്ടം ഇല്ലാതാക്കാൻ വേണ്ടത് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ നിന്ന് 500 മീറ്റർ ദൂരപരിധിയാണ് ആയിരക്കണിന് ബാറുകൾക്കും ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും താഴിട്ടത്. എന്നാൽ സുപ്രീം കോടതി വിധി മറികടക്കാൻ സംസ്ഥാന പാതകളെ ജില്ലാ റോഡുകളായി പ്രഖ്യാപിച്ച സംസ്ഥാനങ്ങളെ പിന്തുടരാൻ കേരളം ഇതുവരെ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് പുതിയ മദ്യനയം സർക്കാർ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയം സംസ്ഥാനത്തെ ടൂറിസം സാധ്യത ഇല്ലാതാക്കിയെന്ന ആരോപണം ശക്തമായിരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ വിധി എല്ലാ സാധ്യതകളും ഇല്ലാതാക്കിയത്. ഇതിനെയെല്ലാം കൈകാര്യം ചെയ്യുന്ന പദ്ധതിയാവണം പുതിയ മദ്യനയത്തിൽ ഉണ്ടാവേണ്ടത്. ഈ വെല്ലുവിളി ഏറ്റെടുത്ത് നിർവഹിക്കുമെന്ന സൂചനയാണ് എക്‌സൈസ് വകുപ്പ് മന്ത്രി നൽകുന്നത്.