നോട്ട്അസാധുവാക്കല്‍: വിവാഹങ്ങള്‍ മാറ്റിവെയ്ക്കുന്നു; സല്‍ക്കാരങ്ങള്‍ ഒഴിവാക്കുന്നു

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ കേരളത്തില്‍ നിശ്ചയിച്ച് ഉറപ്പിച്ച പല വിവാഹങ്ങളും മാറ്റി വെയ്ക്കുന്നു. നോട്ടുകള്‍ അസാധുവാക്കി പത്ത് ദിവസമായിട്ടും കൃത്യമായ ഒരു പരിഹാരം ഈ വിഷയത്തില്‍ ഉണ്ടായില്ല. ബാങ്കുകള്‍ക്ക് മുന്നില്‍ പണം മാറാനെത്തുന്നവരുടെ നീണ്ടനിര ഇപ്പോഴും കാണാം. ഇതോടൊപ്പം മഷി പതിപ്പക്കലും കൂടി ആയാതോടെ ഇടപാട് സമയവും കൂടി. നേരത്തെ വിവാഹങ്ങള്‍ തീരുമാനിച്ച് ആവശ്യമായ പണം കണ്ടെത്തി സൂക്ഷിച്ച പലരും ഇതോടെ വെട്ടിലായി. 4000 രൂപവരെയെ നോട്ടുകള്‍ മാറാന്‍ ഇപ്പോള്‍ സംവിധാനമുള്ളൂ. വിവാഹത്തിനാവശ്യമായ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ജ്വല്ലറികള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ സാധിക്കുന്നില്ല.
ഈ സ്ഥിതിയിലാണ് വിവാഹങ്ങള്‍ മാറ്റിവെയ്ക്കാനുളള തീരുമാനത്തിലേക്ക് പലരും എത്തിയത്. നടക്കുന്ന വിവാഹങ്ങളാകട്ടെ സല്‍ക്കാരങ്ങളെല്ലാം ഒഴിവാക്കി ചടങ്ങ് മാത്രമായി അവസാനിപ്പിക്കുകയാണ്. അരി, പലവ്യഞ്ജനം എന്നിവ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് സല്‍ക്കാരങ്ങള്‍ ഒഴിവാക്കി വിവാഹം നടത്തുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവരാണ് ലീവ് തീരുന്നതിന് മുമ്പ് ഇങ്ങനെ ഒരു വിവാഹത്തിന് തയാറാകുന്നത്. നാട്ടിന്‍പുറങ്ങളില്‍ വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങളില്‍ നിന്നാണ് ചിലവില്‍ ഏറിയ പങ്കും കണ്ടെത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന നോട്ടുകള്‍ മാറാനോ കണക്കുകള്‍ ആദായനികുതി വകുപ്പിനെ ബോധിപ്പിക്കാനോ സാധിക്കില്ല എന്നതും വിവാഹ ചടങ്ങുകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.
മലബാര്‍ മേഖലയില്‍ ഇത്തരത്തില്‍ നിരവധി വിവാഹങ്ങള്‍ മാറ്റി കഴിഞ്ഞു. അരിയല്ലൂരി അബ്ദുല്‍ റഷീദിന്റെ മകളുടെ ഇന്ന് നടന്ന വിവാഹം ലളിതമായ ചടങ്ങായി മാത്രമാണ് നടന്നത്. നേരത്തെ കല്യാണ മണ്ഡപവും ബുക്ക് ചെയ്ത് എല്ലാവരേയും ക്ഷണിച്ചതുമാണ്. പക്ഷേ സ്വര്‍ണ്ണം നല്‍കാന്‍ ആവില്ലെന്ന് ജ്വല്ലറി ഉടമയും പലചരക്കും അരിയും ലഭ്യമാക്കാനാവില്ലെന്ന് വ്യാപാരികളും അറിയിച്ചതോടെയാണ് ഇത്തരത്തില്‍ വിവാഹം നടന്നത്. മധ്യ തിരുവിതാകൂറിലേയും സ്ഥിതി ഇതു തന്നെയാണ് ക്രസ്തുമസ് നോമ്പിനു മുമ്പ് നിശ്ചയിച്ച വിവാഹങ്ങള്‍ എങ്ങനെ നടത്തുമെന്ന് ഒരു നിശ്ചയവുമില്ലാത്തെ അവസ്ഥയിലാണ് കുടുംബങ്ങള്‍. രണ്ടരലക്ഷം രൂപവരെയാണ് വിവാഹ ആവശ്യത്തിനായി പിന്‍വലിക്കാവുന്ന പരിധി. ഇത് നോട്ട് അസാധുവാക്കല്‍.

ഇതെല്ലാം സാധാരണക്കാരന് ഈ പരിഷ്‌ക്കാരം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ്. ചില വമ്പന്‍മാര്‍ക്കൊന്നും ഇത് ഒരു പ്രശ്നമേ അല്ല. കാരണം നമുക്കീ ദുരിതം സമ്മാനിച്ച നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ഒരു നേതാവിന്റെ മകളുടെ വിവാഹമഹാമഹം കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുകയാണ്. 500 കോടി രൂപയാണ് ഇതിനായി പൊടിക്കുന്നത്. അതിന് ഒരു പ്രതിസവ്ധിയും ഇതുവരെ ഉണ്ടായതായി അറിവില്ല.