കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഡാലോചനയെന്ന് മുഖ്യമന്ത്രി

ശക്തമായ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുളള ഗൂഡമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വ്യകത്മായ രാഷ്ട്രീയ ഗൂഡാലോചനയാണ്. കേരളത്തിലെ ബിജെപി നേതാക്കളാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ല. സഹകരണ ബാങ്കുകളില്‍ മുഴുവന്‍ കളളപണമാണ് എന്ന് പറയുന്നത് ബിജെപി നേതാക്കളുടെ വിവരമില്ലായ്മയാണ്. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സഹകരണമേഖല പൂര്‍ണ്ണമായി തകര്‍ക്കുന്ന ഇത്തരം നിലപാടുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മറ്റ് ബാങ്കുകള്‍ ചെയ്യുന്നതു പോലെ നോട്ടുകള്‍ മാറ്റി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും അനുമതി നല്‍കണം. ഈ ആവശ്യം കേന്ദ്രധന മന്ത്രിയോട് ഉന്നയിച്ചിരുന്നതാണ്. പക്ഷേ നടപടിയുണ്ടായില്ല. ഇന്ന് ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതോടൊപ്പം ആശുപത്രികളില്‍ നോട്ടുകള്‍ മാറ്റാനുളള കൗണ്ടറുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യ പ്രകാരം  അയ്യപ്പന്‍മാര്‍ സഞ്ചരിക്കുന്ന റൂട്ടിലെ എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. തോട്ടം മേഖലയിലെ പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി തൊഴിലാളികളും ശമ്പളത്തിനുളള മുഴുവന്‍ തുകയും തോട്ടം ഉടമകള്‍ ജില്ലാകളക്ടര്‍മാര്‍ക്ക് കൈമാറാനും നിര്‍ദ്ദശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.