ബാലഭവനിലെ കുട്ടികളെ പീഡിപ്പിച്ചതായി പരാതി: വൈദികന്‍ ഒളിവില്‍

കല്‍പ്പറ്റ: ബാലഭവനിലെ അന്തേവാസികളായ കുട്ടികളെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വൈദികനെതിരെ കേസെടുത്തു.
വയനാട്ടിലെ ഒരു ബാലഭവനിലെ അന്തേവാസികളായ പതിനഞ്ച്, പതിനാല് വയസുകാരായ ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലഭവന്റെ ചുമതലയുണ്ടായിരുന്ന ഫാ.സജി ( ജോസഫ് 40) ക്കെതിരെയാണ് മീനങ്ങാടി പോലീസ് പോക്‌സോ, ഐ പി സി 377, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലാണ്.

താമരശ്ശേരി കുണ്ടുതോട് സ്വദേശിയായ ഇയാളെ രണ്ടാഴ്ച മുമ്പ് അങ്കമാലിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥാപനത്തില്‍ നിലവില്‍ മുപ്പത്തഞ്ച് കുട്ടികള്‍ ഉണ്ടെങ്കിലും സ്ഥാപന നടത്തിപ്പ് ലാഭകരമല്ലെന്ന് പറഞ്ഞ് ഇയാള്‍ വയനാട് വിട്ടതിന്റെ പുറകേയാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്നാണ് സൂചന.

കഴിഞ്ഞ അവധിക്കാലത്ത് വിദ്യാര്‍ത്ഥികളെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നൂവെന്നാണ് പരാതി. കുട്ടികള്‍ അമ്മമാരോട് കാര്യങ്ങള്‍ അറിയിക്കുകയും അവര്‍ പിടിഎ കമ്മിറ്റി വഴി ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയും മീനങ്ങാടി പോലീസ് വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.