മുകേഷ് അംബാനി സഹോദരന്‍ അനില്‍ അംബാനിക്ക് കൊടുത്തത് എട്ടിന്റെ പണി: ആര്‍ കോമിന് നഷ്ടം 1285 കോടി

ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് ജിയോയുടെ കടന്നുവരവ്, റിലയന്‍സ് കുടുംബത്തില്‍ തന്നെ വിനയായി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയില്‍ തട്ടിവീണ് സഹോദരന്‍ അനില്‍ അംബാനിയുടെ നഷ്ടങ്ങള്‍ കുന്നുകൂടി. ബാങ്കുകള്‍ പോലും ആര്‍കോമിനെതിരെ കൈമലര്‍ത്തുകയാണ് ചെയ്യുന്നത്.

പല പേരുകളിലായി സൗജന്യ ഓഫറുകള്‍ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികള്‍ വലയുന്നത് വാര്‍ത്തയാണ്. അപ്പോഴാണ് കുടുംബത്തിനകത്തു തന്നെ സംഭവിച്ച നഷ്ടക്കഥകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ആര്‍കോമിന്റെ ഓഹരികള്‍ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍കോം ഇത്രയും വലിയ നഷ്ടം നേരിടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനിയുടെ നഷ്ടം 1,285 കോടി രൂപയാണ്. മുന്‍ വര്‍ഷം 660 കോടി രൂപ ലാഭമുണ്ടാക്കിയ ആര്‍കോമാണ് ജിയോ വന്നതോടെ കുത്തനെ നഷ്ടത്തിലേക്ക് പോയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 966 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 90 കോടി രൂപ ലാഭമായിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത് ആദ്യമായി ടെലികോം മേഖല ഒന്നടക്കം വന്‍ നഷ്ടത്തിലായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ആര്‍കോമിന്റെ മൊത്തവരുമാനം 4524 കോടി രൂപയായിരുന്നു. തൊട്ടു മുന്‍വര്‍ഷം ഇത് 5980 കോടി രൂപയായിരുന്നു. കമ്പനി നഷ്ടത്തിലായതോടെ പത്തോളം ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍കോം ടെലികോം വിഭാഗത്തിനു മാത്രമായി 42,000 കോടി രൂപ കടമുണ്ടെന്നാണ് അറിയുന്നത്. ഈ തുകയെല്ലാം വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതാണ്. ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് (ഞഇീാ) ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. ഇന്ത്യയില്‍ വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ് ആര്‍കോം. വരുന്ന രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് വിപണിയില്‍ നിന്നുള്ള വിവരം.