മെത്രാന്മാര്‍ക്ക് ഗൂഢലക്ഷ്യം; 30 കോടി തട്ടിയെടുക്കാന്‍ മദ്യവിരുദ്ധ സമിതികള്‍

-സ്വന്തം ലേഖകൻ-

തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസാപാക്യവും, കേരളമെത്രാൻ സമിതി മദ്യവിരുദ്ധ സമിതി അദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസും സർക്കാരിന്റെ ലഹരി വർജന മിഷന്റെ ബ്രാൻഡ് അംബാസിഡറായി സച്ചിൻ ടെണ്ടുൽക്കറിനെ നിയമിച്ചതിനെ എതിർക്കുന്നതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളെന്ന ആരോപണം ശക്തമാകുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലഹരി വിരുദ്ധ പ്രചരണങ്ങൾക്കായി 30 കോടി രൂപ മാറ്റി വെച്ചിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മദ്യ- ലഹരി വിരുദ്ധ ബോധവൽക്കരണം നടത്താനായിരുന്നു ഈ തുക നീക്കിവെച്ചിരുന്നത്.
ചില സ്വകാര്യ വ്യക്തികളും കെ സി ബിസിയുടെ മദ്യ വിരുദ്ധ സമിതിയും ചില കടലാസ് സംഘടനകളും ചേർന്ന് ഈ തുക വീതം വയ്ക്കാനുള്ള നീക്കം നടത്തി വരികയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി അധികാരത്തിൽ വന്നതോടെ ഈ തുക എക്സൈസ് വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. സി പി എമ്മിന്റെ പോഷക സംഘടനകളും അവരുടെ സിൽബന്ധികളും ചേർന്ന് ഈ 30 കോടി അടിച്ചു മാറ്റുമെന്നറിഞ്ഞതോടെയാണ് മദ്യ വിരുദ്ധ സമിതിക്കാർ സച്ചിൻ ടെണ്ടുൽക്കറി നെതിരെ വാളുമായി രംഗത്ത് വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് ടെണ്ടുൽക്കർ ബ്രാൻഡ് അംബാസിഡറാവാൻ തീരുമാനിച്ചത്.
സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ രൂപീകരണം, ആഗോള – ദേശീയ നയങ്ങൾക്കും മാർഗ നിർദേശങ്ങൾക്കും വിരുദ്ധമാണെന്നാണ് ബിഷപ്പ് സൂസാപാക്യത്തിന്റെയും കൂട്ടരുടേയും നിലപാട്. ലഹരി വിരുദ്ധ പ്രചരണങ്ങൾക്കായി കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധ മാ ണ് വിമുക്തി മിഷന്റെ രൂപീകരണവും പ്രവർത്തനവുമെന്നാണ് ഇവരുടെ ആക്ഷേപം. മദ്യ കച്ചവടത്തിനും മദ്യശാലകളുടെ ലൈസൻസിംഗിനും മദ്യ ഉപഭോഗത്തിനും നേതൃത്വം നൽക്കുന്ന എക്സൈസ് വകുപ്പിനെ ലഹരി വിരുദ്ധ മിഷനെ ചുമതല ഏൽപ്പിച്ചത് നിയമ വിരുദ്ധമാണെന്ന് ആർച്ച് ബിഷപ്പും കൂട്ടരും വാദിക്കുന്നു. പത്രസമ്മേളനം വിളിച്ചു കൂട്ടിയാണ് ഈ വിയോജിപ്പുകൾ പരസ്യമാക്കിയത്.
യു ഡി എഫ് സർക്കാരിന്റെ “സുബോധം ” ലഹരി നിർമ്മാജന പദ്ധതി ഇപ്പോഴുo തുടരുന്നുണ്ട്. സുബോധം കമ്മറ്റികൾ പിരിച്ചു വിട്ടിട്ടില്ല.
ഈ സ്ത്രബോധം പരിപാടിയുടെ പ്രായോജകരും ഗുണഭോക്താക്കളുമാണ് മദ്യവിരുദ്ധ സമിതിക്കാരെയും ബിഷപ്പുമാരെയും ഇളക്കി വിട്ടതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ലൊ കാരോഗ്യ സംഘടന ഉൾപ്പടെ വിവിധ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന പണം തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് ലഹരി വിരുദ്ധ സംഘടനകൾ . മുൻ എക്സ്സൈസ് മന്ത്രി കെ. ബാബു പ്രത്യേകം താല്പര്യമെടുത്താണ് സുബോധം പരിപാടിക്കായി 30 കോടി രൂപ നീക്കിവെച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ഈ തുക വീതം വെയ്ക്കാൻ പറ്റുന്നതിന് മുമ്പെ ബാബുവിനും കൂട്ടർക്കും അധികാരം നഷ്ടപ്പെട്ടു. ഇതിന്റെ പങ്കുപറ്റാൻ കാത്തു നിന്നവരാണിപ്പൊൾ വിമുക്തി മിഷനെതിരെ വാളുമായി ഇറങ്ങിയിരിക്കുന്നത്. വിമുക്തി മിഷന്റെ പിന്നിലുള്ളവരുടെ ഉദ്ദേശവും ഈ 30 കോടി രൂപയിലാണ്. സച്ചിൻ ടെണ്ടുൽക്കറെ മുന്നിൽ നിർത്തി ഈ തുക അടിച്ചെടുക്കുക എന്ന ഏക ലക്ഷ്യം മാത്രമാണ് ഇതിന്റെ പിന്നിലുള്ളത്.
715 ബാറുകൾ പൂട്ടിയിട്ട് രണ്ട് വർഷം കഴിഞ്ഞു. മലയാളിയുടെ മദ്യാസക്തിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ഒരാൾ പോലും കൂടി നിർത്തിയതായി സർക്കാരിന്റെ പക്കൽ രേഖകളില്ല. ഇത്രയേറെ ബാറുകൾ നിർത്തിയിട്ടും സർക്കാരിന്റെ വരുമാനത്തിൽ കുറവുണ്ടായിട്ടില്ല. നോട്ട് പിൻവലിക്കൽ വന്ന കഴിഞ്ഞ എട്ട് ദിവസങ്ങളിലായി ബിവറെജസ് കോർപ്പറേഷന്റെ വരുമാനത്തിൽ 100 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. നോട്ട് വിതരണം കാര്യക്ഷമമാകുന്നതോടെ ഈ നഷ്ടം പരിഹരിക്കപ്പെടും.
സംസ്ഥാനത്തെ കുഗ്രാമങ്ങളിൽ പ്പൊലും പഞ്ചനക്ഷത്ര ഹോട്ടലുകൾ കെട്ടിപ്പൊക്കുകയാണ്. വിദേശ ടൂറിസ്റ്റുകളോ വി ഐ പി കളോ ഇവിടെ വന്ന് താമസിക്കാൻ സാധ്യത ഇല്ല. മദ്യക്കച്ചവടം മാത്രമാണിവരുടെ ലക്ഷ്യം. എറണാകുളം ജില്ലയിലെ കോടനാട്ട് ഗ്രാമത്തിലാണ് ഏറ്റവും ഒടുവിൽ ഫൈവ് സ്റ്റാർ ഹോട്ടലിന് ബാർ ലൈസൻസ് ലഭിച്ചത്. അങ്കമാലി ഗ്രാമ പഞ്ചായത്തിൽ മാത്രം മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളുണ്ട്. മതമേലധ്യക്ഷന്മാരിതുവരെ ഫൈവ് സ്റ്റാറുകൾക്കെതിരെ സമരം സംഘടിപ്പിച്ചിട്ടില്ല.
715 ബാറുകൾ പൂട്ടിയ ശേഷം 820 ലധികം ബീയർ പാർലറുകൾ തുറന്നിട്ടുണ്ട്. ഇവിടെ വീര്യം കൂടിയ ബീയറുകളാണ് വിറ്റഴിയുന്നത്.
ബോധവൽക്കരണത്തിന്റെ വീതം കിട്ടുന്നതു വരെ മദ്യവിരുദ്ധ സംഘടനകൾ സർക്കാരിനെതിരെ തിരിയുമെന്നുറപ്പാണ്.
ദീപസ്തംഭം മഹാശ്ചര്യം — എന്ന ആപ്തവാക്യമാണി വരെ നയിക്കുന്നത്.