സഹകരണ പ്രതിസന്ധി: മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തില്‍; പിന്തുണയുമായി യു.ഡി.എഫും

തിരുവനന്തപുരം: സഹകരണബാങ്ക് വിഷയത്തില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും പ്രക്ഷോഭത്തില്‍. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് തിരുവനന്തപുരം റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്നത്. നോട്ട് പിന്‍വലിക്കലും അതിനെത്തുടര്‍ന്നുണ്ടായ സഹകരണ ബാങ്ക് നയത്തെയുംതുടര്‍ന്ന് രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കുന്നത്. ഈ പ്രതിഷേധം ഫലത്തില്‍ ബി.ജെ.പിയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്നതാണ്. കേന്ദ്രസര്‍ക്കാരിനെതിരെ മന്ത്രിസഭ തന്നെ നിരത്തിലിറങ്ങുകവഴി പൊതുജന പിന്തുണ നേടുകയും ബി.ജെ.പിയെ ഒറ്റപ്പെടുത്താനാകുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വ്വകക്ഷിയോഗവും തുടര്‍ന്ന് പ്രത്യേകനിയമസഭാസമ്മേളനവും വിളിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.