സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ട് അന്തേവാസികള്‍ തൂങ്ങിമരിച്ചു: രണ്ടുപേരും പോക്‌സോ പ്രകാരമുള്ള കേസുകളിലെ ഇരകള്‍

കൊല്ലം : അഞ്ചാലുംമൂട് സർക്കാർ ആഫ്റ്റർ കെയർഹോമിൽ അന്തേവാസികളായ രണ്ട് പെൺകുട്ടികൾ തൂങ്ങി മരിച്ച നിലയിൽ. കരുനാഗപ്പള്ളി സ്വദേശിനി അർച്ചന (17), കിളികൊല്ലൂർ സ്വദേശിനി പ്രസീത (15)എന്നിവരാണ് മുറിയിലേക്കു കയറുന്ന സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.

രാവിലെ വാർഡനാണ് ആദ്യമായി കണ്ടതും സ്റ്റേഷനിൽ അറിയിച്ചതും. മരിച്ച അർച്ചന പതിനൊന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും, പ്രസീത പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും ആണ്. ഇവർ ആഫ്റ്റർ കെയർ ഹോമിൽ എത്തിയിട്ടു ഒരുമാസമേ ആയിട്ടുള്ളു. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു, ഇതിനുപുറമെ രണ്ട് ഡയറികളും പോലീസ് കണ്ടെടുത്തു. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ അജിതാബീഗത്തിന്റെ നേതൃത്വത്തിൽ വാർഡനെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരുന്നു.

സംഭവമറിഞ്ഞ കുട്ടികളുടെ ബന്ധുക്കളും സ്ഥലത്തെത്തി. രണ്ടു കുട്ടികളും പോക്സോ പ്രകാരമുള്ള കേസിലെ ഇരകളാണ്. സംഭവത്തിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്നുള്ളത് ഡയറിയും, മരണറിപ്പോർട്ട്‌ കൂടി വന്നാൽ മാത്രമേ വ്യക്തമാകൂ എന്ന് സിറ്റി പോലീസ് കമ്മിഷണർ അജിതാബീഗം പറഞ്ഞു. സയന്റിഫിക് വിഭാഗവും, ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും പരിശോധനനടത്തുന്നു.

ആർ ഡി ഒ യുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളേജിലേക്കു കൊണ്ടുപോയി.