ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട്: മുന്‍കൂട്ടി നോട്ടീസ് നല്‍കാത്ത ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ അറിയിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ അറിയിച്ചു. ഹര്‍ത്താലിനെ നിയമപരമായും സംഘടനപരമായും എതിര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

കടകള്‍ ഭീഷണിപ്പെടുത്തി അടക്കുന്നതിനെതിരെ സംഘടിതമായി ചെറുത്തു നില്‍ക്കുവാനാണ് സമിതിയുടെ തീരുമാനം. ഭീമമായ ഈ നഷ്ടത്തെ കുറിച്ച് ലേശം പോലും ചിന്തിക്കാതെയാണ് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ച് മിന്നല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ പ്രഖ്യാപിക്കപ്പെടുന്നതെന്നും സംഘടന പറയുന്നു.

ഹര്‍ത്താല്‍ ദിവസം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവാസായി ഏകോപന സമിതി ആലോചിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ചേരാനും സമിതി തീരുമാനിച്ചിട്ടുണ്ട്. രണ്ട് ദിവസം തുടര്‍ച്ചയായി കടകളടച്ചിട്ടത് വ്യാപാരി സമൂഹത്തിന് കനത്ത നഷ്ടമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതി തീരുമാനമെന്നാണ് സൂചനകള്‍.