എന്‍.ഡി.ടി.വിക്കെതിരെ ബി.ജെ.പി നേതാവിന്റെ വക വ്യാജ ട്വീറ്റ്

ദേശീയ മാധ്യമമായ എന്‍ഡിടിവിക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ച ബിജെപി നേതാവ് വീണ്ടും വിവാദത്തില്‍. അടുത്തിടെ എന്‍ഡിടിവി വാര്‍ത്താ അവതാരക നിഥി റസ്ദാന്‍ ചര്‍ച്ചയില്‍നിന്ന് ഇറക്കിവിട്ട ബിജെപി നേതാവ് സംബിത് പാത്രയാണ് വീണ്ടും വിവാദത്തില്‍ അകപ്പെട്ടത്. പാകിസ്ഥാന്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്ലാമാബാദില്‍ വന്ന വാര്‍ത്ത പത്ര ട്വിറ്ററില്‍ ‘എന്‍ഡിടിവിയുടെ അജന്‍ഡ’ എന്ന കുറിപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനമാണ് ടൈംസ് ഓഫ് ഇസ്ലാമാബാദ് പ്രസിദ്ധീകരിച്ചത്. ഉറവിടത്തിന്റെ കാര്യത്തില്‍ ടൈംസ് ഓഫ് ഇസ്ലാമാബാദ് വരുത്തിയ പിഴവ് ശ്രദ്ധയില്‍പ്പെടാതെ, എന്‍ഡിടിവിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പാത്ര വാര്‍ത്ത ഷെയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് എന്‍ഡിടിവി രംഗത്തെത്തി.

ഇതോടെ ആളുകള്‍ തെരഞ്ഞുചെന്നപ്പോള്‍ ടൈംസ് ഓഫ് ഇസ്ലാമാബാദ് തങ്ങള്‍ക്കു പറ്റിയ പിഴവ് തിരുത്തിയതായി കണ്ടെത്തി. പക്ഷേ, പാത്രയുടെ ടീറ്റ് ഏറ്റെടുത്ത ബിജെപി അനുകൂല സൈബര്‍ ഗ്രൂപ്പുകള്‍ ഇതിനെ എന്‍ഡിടിവി വിരുദ്ധ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു.

എന്‍ഡിടിവിക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയതിനായിരുന്നു അവതാരക നിഥി റസ്ദാന്‍ സംപിത് പാത്രയെ ഇറക്കിവിട്ടത്. അതിനുശേഷം കിട്ടുന്ന അവസരങ്ങളിലൊക്കെ സംപിത് എന്‍ഡിടിവിയെ ആക്രമിക്കുന്നുണ്ട്.നേരത്തെ, കണ്ണൂര്‍ സംഘര്‍ഷങ്ങളുടെയും ബീഫ് നിരോധനത്തിന്റെയും പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ട്വീറ്റ് ചെയ്ത വീഡിയോയും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവും വിവാദത്തിലായിരുന്നു.