കൈരളി ചാനലിന് മനുഷ്യാവകാശ കമ്മീഷന്‍ കാരണം കാണിക്കൽ നോട്ടീസ്

കൈരളി ചാനലിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ കാരണം കാണിക്കൽ നോട്ടീസ് .കുടുംബ പ്രശ്നങ്ങൾ ചാനൽ പരിപാടിയിലൂടെ പരസ്യപ്പെടുത്തിയ ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതിയിൻമേൽ കേസെടുത്തുകൊണ്ടാണ് കമ്മീഷൻ്റെ  നടപടി.
കൈരളി ചാനലിൽ ചലച്ചിത്ര താരം ഉൗർവശി അവതാരകയായ “ജീവിതം സാക്ഷി “എന്ന പരിപാടിയിലൂടെ തനിക്കും തൻ്റെ കുടുംബത്തിനും നാണക്കേടുണ്ടായതായി പരാതിയിൽ പറയുന്നു.പരാതിയിൻമേൽ ജില്ലാ ജഡ്ജി കൂടിയായ കേരള സംസ്ഥാന ലീഗൽ സർവ്വീസ് അതോറിറ്റി (കെൽസ) മെംബർ സെക്രട്ടറിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ചോദിച്ചിട്ടിണ്ട്.
പരാതിക്കാരിയായ ഭാര്യയുടെ അംഗീകാരത്തോടെയാണോ കൈരളി  ചാനൽ അദാലത്ത് നടത്തിയതെന്ന് കെൽസ വ്യക്തമാക്കണെമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സൺ പി മോഹൻ ദാസ് നി‌ർദ്ദേശിച്ചു.
ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയോ  കെൽസയുടെയോ അംഗീകാരം ഇല്ലാതെയാണ് അദാലത്ത്  സംഘടിപ്പിച്ചതെങ്കിൽ പ്രസ്തുത പരിപാടി  മേലിൽ സംപ്രക്ഷണം ചെയ്യരുതെന്ന്  കമ്മീഷൻ ചാനലിനോട് ആവശ്യപ്പെട്ടു.
കൈരളി ചാനൽ എം ഡി യോട് നവംബർ 23 ന് മുൻപ് വിശദീകരണം  നൽകാൻ കമ്മീഷൻ പറഞ്ഞിട്ടുണ്ട് .
ഡൽഹിയിൽ ജോലിചെയ്യുന്ന  സി ആർ പി എഫ് ലെ ജവാൻ്റെ ഭാര്യയാണ് കമ്മീഷന് പരാതി നൽകിയത് .തനിക്കും മക്കൾക്കും ചിലവിന് പോലും തരാതെ കുടുംബത്തിൽ നിന്നും അകന്ന് താമസിക്കുന്ന  ഇയാൾ ചാനൽ ക്യാമറക്കു മുന്നിൽ അപകീർത്തിപ്പെടുത്തും വിധം സംസാരിച്ചത്. തൻ്റെ അറിവോ സമ്മതമോ കൂടാതെയാണ് തൻ്റെ ചിത്രങ്ങൾ ചാനൽ പുറത്ത് വിട്ടതെന്നും പരാതിയിൽ പറയുന്നു.കേസ് 23  മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും
ജീവിതം സാക്ഷി എന്ന പരിപാടിയിലെ   അവതാരകയായ നടി ഉൗർവശി പരിപാടിയിൽ പങ്കെടുത്ത വ്യക്തിയോട് സംസ്ക്കാര രഹിതമായി പെരുമാറിയതിൻ്റെ പേരിൽ കഴിഞ്ഞയാഴ്ച്ച കമ്മീഷൻ നടിയോട്  വിശദീകരണം ചോദിച്ചിരുന്നു.