ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി കാലം ചെയ്തു

കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി (88) കാലം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.45 നാണ് അന്ത്യം. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കോട്ടയം ക്രിസ്തുരാജാ കത്തിഡ്രലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യബലിയോടുകൂടി സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും.

1928 സെപ്റ്റംബര്‍ 11ന് കടുത്തുരുത്തി ഇടവകയിലെ കുന്നശ്ശേരി കുടുംബത്തില്‍ ജനിച്ച പിതാവ് 1955 ഡിസംബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1968 ഫെബ്രുവരി 24ന് കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാ അവകാശത്തോടുകൂടിയ സഹായ മെത്രാനായി അഭിഷിക്തനായി. 1974 മെയ് അഞ്ചിന് രൂപതാ അദ്ധ്യക്ഷനായി ചുമതലയേറ്റു. 2005 മെയ് ഒമ്പതിന് കോട്ടയം രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ കുന്നശ്ശേരി പ്രഥമ മെത്രാപ്പോലീത്തയായി. 2006 ജനുവരി 14ന് അതിരൂപതാ ഭരണനിര്‍വഹണ ദൗത്യത്തില്‍ നിന്ന് വിരമിച്ച് തെള്ളകം ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2017 ഫെബ്രുവരി 24 മുതല്‍ ഇദ്ദേഹത്തിന്റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ വേര്‍പാടിലുള്ള അനുശോചനമായി അതിരൂപതയില്‍ ഏഴ് ദിവസം ദുഃഖാചരണമായിരിക്കുമെന്നും സംസ്‌ക്കാരദിനമായ ശനിയാഴ്ച അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും അതിരൂപതാ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു.