മാരാമണ്‍ സ്ത്രീ പ്രവേശനം: കോഴഞ്ചേരിയില്‍ സ്ത്രീ കൂട്ടായ്മ

കോഴഞ്ചേരിയില്‍ ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകുന്നേരം ബഹുജന – സ്ത്രീ കൂട്ടായ്മ 

മാര്‍ത്തോമ്മാ സഭയുടെ പിന്തിരിപ്പന്‍ നിലപാടുകളില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത കൂട്ടായ്മ സംഘടിപ്പിക്കുന്നത്

മാരാമണ്‍ കണ്‍വന്‍ഷന്‍െറ രാത്രികാല യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി ബഹുജന-സ്ത്രീ കൂട്ടായ്മ. രാത്രി യോഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം അനുവദിക്കുന്നതിന് മാര്‍ത്തോമ്മാ സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളുടെ കൂട്ടായ്മ ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകുന്നേരം കോഴഞ്ചേരിയില്‍ സംഘടിപ്പിക്കുന്നത്. നവീകരണ വേദി, പത്തനംതിട്ട സ്ത്രീ വേദ, കേരള വനിതാ സാഹിതി സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് വിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

നവീകരണവേദി പ്രസിഡന്റ് പ്രൊഫ. എ.വി. ഇട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റ് അഡ്വ. ഡോ. ഗ്രേസി കരിങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്യും.

വനിതാ കലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ലില്ലി തോമസ് പാലോക്കാരന്‍ മുഖ്യപ്രഭാഷണം നടത്തുന്ന സമ്മേളനത്തില്‍, സംസ്ഥാന സെക്രട്ടറി ശ്രീമതി. ശാരദാ മോഹന്‍ , കൊമ്പാടി എ.എം.എം. ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫാക്കല്‍റ്റി അംഗം ശ്രീമതി. അഷി സാറാ ഉമ്മന്‍, മുന്‍ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ജോളി രാജന്‍ തുടങ്ങിയവര്‍ സംസാരിക്കും.

മാര്‍ത്തോമ്മാ സഭയുടെ സുവിശേഷപ്രസംഗസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്. ഒരു മതസമ്മേളനം എന്നതിനപ്പുറം ക്രിസ്തീയ സ്‌നേഹത്തിന്റെയും സാമൂഹ്യനീതിയുടെയും സന്ദേശങ്ങള്‍ പ്രഘോഷിക്കുന്നയിടം എന്ന നിലയില്‍ പൊതുസമൂഹം ശ്രദ്ധിക്കുന്ന ഒരു കണ്‍വന്‍ഷനാണിത്. അമേരിക്കയില്‍ സ്ത്രീകള്‍ക്കു രാഷ്ട്രീയരംഗത്ത് വോട്ടവകാശം ലഭിക്കുന്നതിനും മുമ്പെ സ്ത്രീകള്‍ക്കു സഭാരംഗത്തു വോട്ടവകാശം ലഭ്യമാക്കിയ സഭയാണ് മാര്‍ത്തോമ്മാ സഭ.

സുവിശേഷപ്രസംഗസംഘം, ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമായി കമ്പനി ആക്ടിനു കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയും. മാര്‍ത്തോമ്മാ സഭ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ സമീപനപ്രകാരവും ഇന്ത്യന്‍ ഭരണഘടനപ്രകാരവും സ്ത്രീകള്‍ക്കു തുല്യനീതി വിഭാവന ചെയ്യുന്നുണ്ട് എന്നിരിക്കെ, കാലങ്ങളായി മാരാമണ്‍ കണ്‍വന്‍ഷനില്‍ രാത്രിയോഗങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുന്ന അവസ്ഥ പ്രായോഗികകാരണങ്ങളാല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി തുടങ്ങി വച്ച ഒരു താല്‍ക്കാലിക ക്രമീകരണം മാത്രമായിരുന്നു.

എന്നാല്‍ ഇനിയും ആ പതിവു തുടരണം എന്നു ശഠിക്കുന്നുവെങ്കില്‍ ഒരു താല്‍ക്കാലിക ക്രമീകരണത്തെ അനാചാരമാക്കുന്നതിനു തുല്യമാണെന്ന് കൂട്ടായ്മയുടെ  വിനോദ് കോശി ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

ആയതിനാല്‍ മാര്‍ത്തോമ്മാ സഭയുടെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യവും സമത്വദര്‍ശനവും ഉയര്‍ത്തിപ്പിടിക്കുന്നതിനും രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയുന്ന തരത്തില്‍ പൊതു ഇടങ്ങളിലെ ലിംഗവിവേചനം ഒഴിവാക്കുന്നതിനും കഴിയും വിധം മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരു മാതൃകാകേന്ദ്രമായി മാറണമെന്ന ആവശ്യം മാര്‍ത്തോമ്മാ സഭയ്ക്കുള്ളിലെ നവീകരണവേദി കഴിഞ്ഞ വര്‍ഷം ഒരു ലഘുലേഖയിലൂടെ ഉയര്‍ത്തിയിരുന്നു. അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഈ ജനുവരി 28-ാംതിയതി ചേര്‍ന്ന മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം മാനേജിംഗ് കമ്മിറ്റിയില്‍ ആ സമിതിയുടെ അംഗമായ ഷിജു അലക്‌സ് ഒരു പ്രമേയം അവതരിപ്പിക്കുന്നതിനു നോട്ടീസ് നല്‍കിയിരുന്നു. തികച്ചും സാങ്കേതികകാരണങ്ങളാല്‍ പ്രസ്തുത പ്രമേയത്തിന് അവതരണാനുമതി ലഭിക്കുകയുണ്ടായില്ല.

related news:

 

മാരാമണ്‍ കണ്‍വെന്‍ഷന്‍: ഇത്തവണയും രാത്രി യോഗങ്ങളില്‍ സ്ത്രീ പ്രവേശനമില്ല

exclusive: മാരാമണ്‍ : സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട ഷിജു അലക്‌സിന് വധഭീഷണി