മാര്‍ കുര്യാക്കോസ് കുന്നശ്ശേരി: തന്നെത്തന്നെ ഹോമബലിയായി അര്‍പ്പിച്ച ഇടയന്‍

സഭാസ്‌നേഹം ആത്മാവില്‍ അഗ്നിയായും സമുദായ സ്‌നേഹം മനസ്സില്‍ വികാരമായും കൊണ്ടുനടക്കുന്ന കര്‍മ്മയോഗിയാണ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി. 1968 ഫെബ്രുവരി 24-ാം തീയതി തിരുഹൃദയക്കുന്നില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷയിലെ കുര്‍ബാന മദ്ധ്യേ കുന്നശ്ശേരി പിതാവ് വിശ്വാസികളോടു പറഞ്ഞു: ‘ഇപ്പോള്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടു ചേര്‍ത്തു ദൈവജനത്തിനു വേണ്ടി എന്നെത്തന്നെ ഒരു ഹോമബലിയായി അര്‍പ്പിക്കുകയാണ്’.

ഈ വാക്കുകള്‍ ജീവിതമായി മാറുകയായിരുന്നു. കോട്ടയം രൂപതയെയും ക്‌നാനായ സമുദായത്തെയും മൂന്നാം സഹസ്രാബ്ദത്തിലേക്കു കൈപിടിച്ചു നടത്തിയ പിതാവിന്റെ ജീവിതം പുതിയ തലമുറയ്ക്കു പ്രചോദനമായി മാറുമെന്നതില്‍ സംശയമില്ല.

കടുത്തുരുത്തിയിലുള്ള പുരാതന പ്രശസ്തമായ കുന്നശ്ശേരില്‍ കുടുംബത്തിലെ ജോസഫ് – അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി 1928 സെപ്റ്റംബര്‍ 11 ന് പിതാവ് ജനിച്ചു. കോട്ടയം ഇടയ്ക്കാട്ടു സ്‌കൂളിലും സി.എന്‍.ഐ. സ്‌കൂളിലും കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് മിഡില്‍ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരുഹൃദയക്കുന്ന് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം തിരുഹൃദയക്കുന്നിലുള്ള മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു.

തുടര്‍ന്നു ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1955 ഡിസംബര്‍ 21-ാം തീയതി കര്‍ദിനാള്‍ ക്ലമന്റ് മിക്കാറിയില്‍ നിന്നും വൈദികപട്ടം സ്വീകരിക്കുകയും പിറ്റെദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലുള്ള വി. പത്താംപീയൂസിന്റെ അള്‍ത്താരയില്‍ പ്രഥമദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

റോമിലെ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും (ജെ.യു.ഡി) കരസ്ഥമാക്കി നാട്ടില്‍ തിരിച്ചെത്തിയ ഫാ. കുന്നശ്ശേരി തറയില്‍ പിതാവിന്റെ സെക്രട്ടറിയും രൂപതയുടെ ചാന്‍സലറുമായി നിയമിതനായി. രണ്ടു വര്‍ഷത്തിനുശേഷം അമേരിക്കയിലെ ബോസ്റ്റണ്‍ കോളജില്‍നിന്നും രാഷ്ട്രമീമാംസയില്‍ മാസ്റ്റര്‍ ബിരുദം നേടി.

ബി.സി.എം. കോളജില്‍ അധ്യാപകനായി നിയമിതനായ കുന്നശ്ശേരിലച്ചന്‍ അപ്‌നാദേശ് ദ്വൈവാരികയുടെ പത്രാധിപര്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാപ്ലൈന്‍ എന്നീ നിലകളിലും സേവനം ചെയ്തു. പിന്നീട് അദ്ദേഹം തിരുഹൃദയക്കുന്ന് മൈനര്‍ സെമിനാരിയുടെ റെക്ടറായി. ഈ ജോലി നിര്‍വഹിച്ചുവരവെയാണ് 1967 ഡിസംബര്‍ 9-ാം തീയതി പോള്‍ ആറാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ കേഫായുടെ സ്ഥാനിക മെത്രാനായും കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടുകൂടിയ സഹായമെത്രാനായും നിയമിച്ചത്.

പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്ട് കാര്‍ഡിനല്‍ മാക്‌സ്മില്യന്‍ ഫുസ്റ്റന്‍ബര്‍ഗിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ 1968 ഫെബ്രുവരി 24-ാം തീയതി തിരുഹൃദയക്കുന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു മെത്രാഭിഷേകം. 1974 മെയ് അഞ്ചാം തീയതി തോമസ് തറയില്‍ തിരുമേനി രൂപതാഭരണത്തില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്ന് മാര്‍ കുന്നശ്ശേരി രൂപതാ ഭരണം ഏറ്റെടുത്തു.

സ്ഥാപനങ്ങളെല്ലാം അതിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് നവീകരിക്കുവാനും വളര്‍ത്തുവാനും പിതാവ് ശ്രദ്ധിച്ചിരുന്നു. തലയുയര്‍ത്തി നില്‍ക്കുന്ന കാരിത്താസ് ആശുപത്രി പിതാവിന്റെ ഭരണനേട്ടങ്ങളിലെ പൊന്‍തൂവലാണ്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ്, മടമ്പം പി.കെ.എം. കോളജും ശ്രീപുരം സ്‌കൂളും മറ്റ് അണ്‍എയ്ഡഡ് സ്‌കൂളുകളും എയ്ഡഡ് മേഖലകളിലാരംഭിച്ച വിവിധ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും കാരിത്താസ് നഴ്‌സിംഗ് കോളജുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പിതാവിന്റെ ഉന്നത ദര്‍ശനത്തിന്റെ അടയാളങ്ങളാണ്.

സീറോമലബാര്‍ സഭയില്‍ പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം ഒരു മദ്ധ്യവര്‍ത്തിയായി നിന്നുകൊണ്ട് ഉചിതമായ തീരുമാനങ്ങിലെത്താന്‍ ഔദ്യോഗികമായും അനൗദ്യോഗികമായും കുന്നശ്ശേരിപിതാവ് വഹിച്ച പങ്ക് അതുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ ഒരിക്കലും മറക്കുകയില്ല. ബിഷപ്പുമാരുടെ ഇടയിലെ പാലംപണിക്കാരന്‍ എന്നാണ് പടിയറപ്പിതാവ് കുന്നശ്ശേരി പിതാവിനെ വിശേഷിപ്പിച്ചത്.