സി പി എം ജില്ലാ കമ്മിറ്റി ഓഫിസിന് ബോംബേറ് കള്ളക്കഥ: ആരോപണത്തിന് ബലമേകി ശാസ്ത്രീയ തെളിവുകള്‍

ടി പി ചന്ദ്രശേഖരന്‍ വധ കേസിലും അമ്പലക്കുളങ്ങര കൊലക്കേസിലും പ്രതി പട്ടികയിലുണ്ടായിരുന്ന സി പി എം ജില്ലാ സെക്രട്ടറി പി മോഹനനെ വെള്ളപൂശാനും രക്തസാക്ഷി പരിവേഷം നല്‍കാനും നേതാക്കള്‍ തന്നെ ചമച്ച കഥയുടെ ചുരുളഴിയുന്നു.

സി പി എം ജില്ലാ കമ്മിറ്റി ഓഫിസിന് ബോംബെറിഞ്ഞെന്നും പി മോഹനനെ വധിക്കാന്‍ ശ്രമിച്ചെന്നും പ്രചരിപ്പിച്ച് ഹര്‍ത്താലും ജില്ലയിലുടനീളം അക്രമവും അഴിച്ചുവിട്ട സി പി എം, തങ്ങളാണ് ആര്‍ എസ് എസ് വിരുദ്ധരെന്ന ധാരണ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ നടത്തീയ നീക്കമാണ് ബോംബേറ് കഥയെന്ന വാദം ശക്തമാകുകയാണ്.

cpim

ഇതിന് ബലമേകി ശാസ്ത്രീയ തെളിവുകളും പുറത്തുവരുന്നു. സി പി എമ്മും സംഘ്പരിവാറും നടത്തുന്ന പരസ്പര ധാരണയോടെയുള്ള സംഘര്‍ഷവും മുതലെടുപ്പും കോഴിക്കോട്ട് പൊളിഞ്ഞുവീഴുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അറിവോടെയാണ് നാടകം അരങ്ങേറിയതെന്ന സംശയവും ബലപ്പെടുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സി പി എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറുണ്ടായത്.

അക്രമത്തിന് പിന്നില്‍ ബി ജെ പി ആര്‍ എസ് എസ് സംഘമാണെന്ന് പറഞ്ഞ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. പാര്‍ട്ടി ഓഫീസിന് നേരെ ബോംബെറിഞ്ഞു എന്ന് പറഞ്ഞ നേതാക്കള്‍ പിന്നീട് പാര്‍ട്ടി സെക്രട്ടറിയെ വധിക്കാനാണ് അക്രമികള്‍ എത്തിയതെന്നും തലനാരിഴയ്ക്കാണ് അദ്ദേഹം അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും പ്രചരിപ്പിച്ചു. തുടര്‍ന്ന് നിരവധി അക്രമ സംഭവങ്ങളാണ് ജില്ലയില്‍ ഉണ്ടായത്.

സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ അഞ്ചംഗ സംഘം ബോംബെറിയുകയായിരുന്നെന്നാണ് സി പി എം ആദ്യം വിശദീകരിച്ചത്. പിന്നീട് എണ്ണം നാലും മൂന്നുമായി നേതാക്കള്‍ തന്നെ മാറ്റിപ്പറഞ്ഞു. കാറില്‍ നിന്നിറങ്ങി ഓഫീസ് വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറെന്നും രണ്ട് ബോംബുകളാണ് എറിഞ്ഞതെന്നും സ്റ്റീല്‍ ബോംബുകളിലൊന്ന് ഉഗ്രസ്ഥോടനത്തോടെ പൊട്ടിയെന്നും സി പി എം പറയുന്നു. മറ്റൊന്ന് ഓഫീസ് മുറ്റത്ത് നിന്ന് പോലീസ് കണ്ടെടുത്തു. പാര്‍ട്ടി ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയെ കാത്ത് പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു.

cm

ശബ്ദം കേട്ട് അവര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പപെട്ടതായും മതില്‍ ചാടിക്കടന്ന് എ കെ ജി ഹാളിന് പിറക് വശത്തുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസിന് മുന്നിലെത്തിയതെന്നും അക്രമി സംഘം ജില്ലാസെക്രട്ടറി പി മോഹനനെ പിന്തുടര്‍ന്ന് വരികയായിരുന്നുവെന്നാണ് കരുതുന്നതെന്നുമാണ് സി പി എം നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും വിശദീകരണം.

എന്നാല്‍ ഉഗ്രസ്ഥോടനത്തോടെ ബോംബ് പൊട്ടിയിട്ടും പരിസരവാസികള്‍ ആരും ശബ്ദം കേട്ടില്ല. ഇത്ര വലിയൊരു ബോംബ് സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും പാര്‍ട്ടി ഓഫീസ് പരിസരത്തുണ്ടായിരുന്നില്ല. സി സി ടി വി ദൃശ്യങ്ങളിലും സംശയകരമായ ഒരു സൂചനയും ഇല്ല. പാര്‍ട്ടിയുടെ വിശദീകരണമല്ലാതെ ഇക്കാര്യത്തില്‍ യാതൊരു തെളിവും പൊലീസിന് ലഭിക്കുകയും ചെയ്തിട്ടില്ല.

ഫറോക്കില്‍ അക്രമിക്കപ്പെട്ട പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ച് കാറില്‍ മടങ്ങിയ പി മോഹനനെ അക്രമികള്‍ പിന്തുടര്‍ന്നെത്തിയതാണെന്നാണ് സി പി എം നേതാക്കള്‍ ആദ്യം പ്രചരിപ്പിച്ചത്. എന്നാല്‍ നഗരത്തിലെ 22 സി സി ടി വി ക്യാമറകള്‍ പരിശോധിച്ച പൊലീസിന് അദ്ദേഹത്തിന്റെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

cpim office kozhikodu bomb

നഗരത്തില്‍ നിന്ന് ക്രിസ്ത്യന്‍ കോളജിന് സമീപത്തെ പാര്‍ട്ടി ഓഫീസ് വരെയുള്ള സി സി ടി വി ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. പാര്‍ട്ടി ഓഫീസ് പരിസരത്ത് അക്രമികള്‍ രാത്രി ഒരു മണിക്ക് ഒളിച്ച് നില്‍ക്കാനുള്ള സാധ്യതയും പൊലീസ് അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫീസ് അക്രമം പാര്‍ട്ടി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന സംശയം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ജെ ജയനാഥ് തന്നെ തന്റെ മേലധികാരികള്‍ക്ക് മുമ്പില്‍ അനൗദ്യോഗികമായ് ഉന്നയിച്ചത്.

സംഭവം നടന്നിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒരാളെ പൊലും കസ്റ്റഡിയിലെടുക്കാനോ പാര്‍ട്ടി നല്‍കിയ പേരുകാരെ അറസ്റ്റ് ചെയ്യാനോ തയ്യാറാവാതിരുന്ന അദ്ദേഹത്തെ മാറ്റിയാണ് സി പി എം പ്രതികാരം ചെയ്തത്. ബോംബേറ് വസ്തുനിഷ്ടമായി അന്വേഷിച്ചിരുന്ന കമ്മീഷണറെ പെട്ടന്ന് സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമാകുകയാണ്. സംഘ്പരിവാറിന് കൈയ്യില്‍ ആയുധം നല്‍കുന്ന സമീപനം കൂടിയാണ് സി പി എം ചെയ്തത്.