തമ്മിലടിയില്‍ താളംതെറ്റി പോലീസ് ; തച്ചങ്കരിയെയും സെന്‍കുമാറിനെയും നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് ആകുന്നില്ല

തിരുവനന്തപുരം: ഡി.ജി.പി ടി.പി.സെന്‍കുമാറിനെതിരെ ഇടതുസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുന്നതിനിടെ പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തമ്മിലടി വീണ്ടും രൂക്ഷമാകുന്നു.

പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകള്‍ സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നുവെന്ന അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതിനുപിന്നാലെ അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണവുമായി ഡി.ജി.പി രംഗത്തെത്തി.

senkumar1എ.ഡി. ജി.പി ടോമിന്‍ തച്ചങ്കരി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് അദ്ദേഹം ചോര്‍തിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. അതീവരഹസ്യ വിഭാഗമായ ടി സെക്ഷന്‍ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും ഫയലുകള്‍ ഉടന്‍ കൈമാറണമെന്നും ആവശ്യപ്പെട്ട് സെന്‍കുമാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ തച്ചങ്കരി ആഭ്യന്തര സെക്രട്ടറിക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഫയലുകള്‍ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയാണെന്ന് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. അതേസമയം തന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി അനില്‍കുമാറിനെ കഴിഞ്ഞ ദിവസം രാത്രിതന്നെ സെന്‍കുമാര്‍ ഒഴിവാക്കി. സെന്‍കുമാറിന്റെ ഗണ്‍മാനായ എ.എസ്.ഐ അനില്‍കുമാറിനെ അടിയന്തിരമായി മാതൃയൂണിറ്റിലേക്ക് മാറ്റി. ഇതിനിടെ തച്ചങ്കരി നല്‍കിയ പരാതിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സെന്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു. ഓഫീസില്‍വച്ച് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു സെന്‍കുമാറിനെതിരെ തച്ചങ്കരിയുടെ പരാതി.

ഈ പരാതി സെന്‍കുമാറിനെ വേട്ടയാടാനെന്നാണ് സൂചന. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡി.ജി.പിയായി പുനര്‍ നിയമനം ലഭിച്ച സെന്‍കുമാര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി തുടരുകയാണ്. ഈ മാസം 30ന് വിരമിക്കുന്ന സെന്‍കുമാറിന്റെ പെന്‍ഷന്‍ തടയാന്‍ നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്. ടോമിന്‍ തച്ചങ്കരിയുടെയും എ.എസ്.പി ഗോപാലകൃഷ്ണന്റെയും പരാതികള്‍ ചൂണ്ടിക്കാട്ടി സെന്‍കുമാറിന്റെ പെന്‍ഷന്‍ നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തടസവാദം ഉന്നയിക്കാനാണ് നീക്കം.

ഇതിന്റെ ഭാഗമായി ഗോപാലകൃഷ്ണന്റെ പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സെന്‍കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന വാദവും ശക്തമാണ്. ആരോപണങ്ങളെല്ലാം സെന്‍കുമാര്‍ നിഷേധിച്ചു. തച്ചങ്കരിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.