ഉദ്ഘാടന വേദിയില്‍ താരമായത് മെട്രോമാന്‍

കൊച്ചി: മെട്രോ നാടിന് സമര്‍പ്പിച്ച വേദിയിലെ താരം അക്ഷരാര്‍ത്ഥത്തില്‍ മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് വേദിയില്‍ നിന്നൊഴിവാക്കിയിരുന്നപ്പോള്‍ ഉയര്‍ന്ന പ്രതിഷേധമെല്ലാം ഇന്ന് ആഹഌദമായി മാറുകയായിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സില്‍ ശ്രീധരന്റെ പേര് മുഴങ്ങിയപ്പോഴെല്ലാം നിലയ്ക്കാത്ത കൈയ്യടിയായിരുന്നു.

ഉദ്ഘാടന പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ശ്രീധരന്റെ ആത്മസമര്‍പ്പണത്തിനെ അഭിനന്ദിച്ചു. മെട്രോമാന്‍ നാടിന് അഭിമാനമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞുവെച്ചത്.

ആദരണീയനായ ശ്രീധരന്റെ നേതൃപാടവം മെട്രോയ്ക്കും കേരളത്തിനും ഗുണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീധരന്റെ നിശ്ചയ ദാര്‍ഡ്യത്തേയും പിണറായി അഭിനന്ദിച്ചു. മെട്രോ യാഥാര്‍ഥ്യമാക്കാന്‍ ശ്രീധരന്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശ്രീധരനെക്കുറിച്ച് പറയുമ്പോളെല്ലാം നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് അത് സ്വീകരിച്ചത്.