സിനിമാതാരങ്ങള്‍ക്ക് പങ്കുള്ള മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പല കേസുകളും അട്ടിമറിക്കപ്പെടുകയാണ്. പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ രക്ഷപെടുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബോളിവുഡിനെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി നിയന്ത്രിക്കുന്നത് പോലെ കൊച്ചിയിലെ സിനിമാ മേഖലയെ നിയന്ത്രിക്കാനും ഗുണ്ടാ, മാഫിയാ സംഘങ്ങളുണ്ട്. ഇവരെ തീറ്റിപ്പോറ്റാന്‍ താരങ്ങളും നിര്‍മാതാക്കളുമുണ്ട്.

മയക്ക് മരുന്ന് കേസ് ആവിയായി

2015 ജനുവരി 31നാണ് നടന്‍ ഷൈന്‍ടോം ചാക്കോയെയും അസിസ്റ്റന്റ് ഡയറക്ടര്‍ ബ്ലസിയെയും മറ്റ് മൂന്ന് മോഡലുകളെയും മയക്കുമരുന്നുമായി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. 10 ഗ്രാം കൊക്കയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അന്വേഷണം ആദ്യഘട്ടം ഊര്‍ജിതമായി നടന്നു. മറ്റ് യുവനടന്‍മാരും നടികളും സംവിധായകരും മയക്ക്മരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളുള്ള ലാപ്‌ടോപ് അടക്കം പൊലീസിന് ലഭിച്ചു. എന്നാല്‍ ഷൈനിനെ കരുവാക്കി കേസ് അന്വേഷണം അവസാനിപ്പിച്ചു. മയക്ക്മരുന്ന് എവിടെ നിന്ന് കൊണ്ടുവന്നെന്നോ, ആരാണ് ഇതിന് പിന്നിലെന്നോ പൊലീസ് അന്വേഷിച്ചില്ല. യുവനടന്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഒരു സൂപ്പര്‍താരം ആഭ്യന്തരവകുപ്പിലെ ഉന്നതനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. മംഗളം പത്രത്തില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിരുന്നു.

കഞ്ചാവില്ലാതെ സംസാരിക്കാന്‍ പറ്റാത്ത സിനിമാക്കാര്‍

കഞ്ചാവ് വലിക്കാതെ സംസാരിക്കാന്‍ പറ്റാത്ത സിനിമാക്കാര്‍ മലയാള സിനിമയിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും നടന്‍ ശ്രീനിവാസന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ‘ശ്രീനിവാസന്റെ സിനിമകള്‍ മിഡില്‍ ക്ലാസിന്റെ ഇമോഷന്‍സ് ചൂഷണം ചെയ്യുകയാണെന്നും അത്തരം സിനിമകളിലൂടെ അദ്ദേഹം കുറേ പണം സമ്പാദിച്ചു എന്നല്ലാതെ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും’ സംവിധായകന്‍ രാജീവ് രവി പറഞ്ഞതോടെയാണ് ശ്രീനിവാസന്‍ കൊച്ചിയിലെ മയക്കുമരുന്ന് ഉപഭോക്താക്കളായ സിനിമാക്കാര്‍ക്കെതിരെ രംഗത്ത് വന്നത്.

സ്വര്‍ണക്കടത്ത് അന്വേഷണം കാര്യക്ഷമമായില്ലെന്ന് കസ്റ്റംസ്

ടി.കെ ഫയാസിന്റെ നേതൃത്വത്തില്‍ സിനിമാ തരങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണം കടത്തിയ കേസില്‍ സിനിമാക്കാരുടെ പങ്ക് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മോഡലായ  ശ്രവ്യാസുധാകര്‍ വെളിപ്പെടുത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ ഫയാസിനും താരങ്ങള്‍ക്കും സംവിധായകര്‍ക്കുമുള്ള പങ്ക് വ്യക്തമായത്. കസ്റ്റംസ് ഓഫീസര്‍മാരെ വരെ ഫയാസ് തനിക്ക് പരിചയപ്പെടുത്തിയെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ, കേസിന്റെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മുംബയ് പോലീസ്, ശൃംഗാരവേലന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ ഫയാസ് അഭിനയിച്ചിട്ടുണ്ട്. വലിയ താരങ്ങള്‍, രാഷ്ട്രീയക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായെല്ലാം ഫയാസിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. സ്വര്‍ണക്കടത്തില്‍ താരങ്ങളുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചിരുന്നതായി ഒരു സീനിയര്‍ കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു. പക്ഷെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നടി  മൈഥിലിലാണ് ശ്രവയ്ക്ക് ഫയാസിനെ പരിചയപ്പെടുത്തിയത്. കേസില്‍  മൈഥിലിയെ ചോദ്യം ചെയ്തിരുന്നു.