ബലാത്സംഗത്തിനു ശേഷം തീവണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞ പെണ്‍കുട്ടിയുടെ നില ഗുരുതരം

പാട്‌ന: ബിഹാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം അക്രമികള്‍ തീവണ്ടിയില്‍നിന്ന് വലിച്ചെറിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നില ഗുരുതരം.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്.
ബിഹാര്‍ തലസ്ഥാനമായ പാട്‌നയില്‍ പെണ്‍കുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് വെള്ളിയാഴ്ച കഖിസാരായ് ജില്ലയില്‍ നടന്ന നടന്ന സംഭവം പുറംലോകം അറിഞ്ഞത്. സന്തോഷ് യാദവ്, മൃത്യുഞ്ജയ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആറുപേര്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ തീവണ്ടിയില്‍ കയറ്റിയശേഷവും പീഡിപ്പിച്ചു. കിയുള്‍ ജംഗ്ഷന് സമീപം അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ നാട്ടുകാരാണ് പോലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷവും പെണ്‍കുട്ടിക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ട്.

പെണ്‍കുട്ടിയെ ദീര്‍ഘനേരം നിലത്ത് കിടത്തി. ഏറെനേരം കഴിഞ്ഞാണ് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ കാലിലും രഹസ്യ ഭാഗങ്ങളിലും ഗുതുതരമായ പരിക്കേറ്റിറ്റുണ്ട്. തുടയെല്ലിന് പൊട്ടലുമുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമികളെ ഉടന്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അക്രമി സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ അയല്‍വാസികള്‍ തന്നെയാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞു.