രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചതിനെ ചൊല്ലി വിവാദം

ലണ്ടന്‍: പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദം. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തമാകാത്ത താരത്തെ കളിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയരുന്നത്.

പൂര്‍ണ ആരോഗ്യവാന്മാരായ ഉമേഷ് യാദവിനെയും മുഹമ്മദ് ഷാമിയേയും പുറത്തിരുത്തിയപ്പോഴാണ് അശ്വിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഉമേഷിനെ ഫൈനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസം വരെ ബാന്‍ഡേജുമായി നടന്ന അശ്വിനെ കളിപ്പിച്ചതിന്റെ തിക്തഫലം ടീം ഇന്ത്യ അനുഭവിക്കുകയും ചെയ്തു. 10 ഓവറില്‍ 70 റണ്‍സ് ആണ് അശ്വിന്‍ വിട്ടുനല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചുമില്ല. അശ്വിന്റെ ഒരോ പന്തും അനായാസം ആണ് പാക് ബാറ്റ്‌സ്മാന്‍മാര്‍ നേരിട്ടത്. പ്രത്യേകിച്ചും സെഞ്ചുറി വീരന്‍ ഫഖര്‍ സമാന്‍. അശ്വിനെ തിരഞ്ഞുപിടിച്ചാണ് സമാന്‍ ആക്രമിച്ചത്.
അശ്വിന്‍ ഇതാദ്യമായല്ല ഫോം ഔട്ടാകുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വെറും ഒരു വിക്കറ്റ് മാത്രമാണ് അശ്വിന്റെ സമ്പാദ്യം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു 43 റണ്‍സ് വഴങ്ങി അശ്വിന്റെ ആ വിക്കറ്റ്. ബംഗ്ലാദേശിനെതിരെ വിക്കറ്റൊന്നും ലഭിക്കാതെ 54 റണ്‍സ് വഴങ്ങുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോലെയുളള വലിയ മത്സരങ്ങളില്‍ പൂര്‍ണമായും ആരോഗ്യക്ഷമതയില്ലാത്ത അശ്വിനെ പോലെയുളള താരത്തെ കളിപ്പിച്ചതിനെതിരെ ക്രിക്കറ്റ് വിദഗ്ധരും ഗൗതം ഗംഭീറിനെ പോലുളള മുന്‍ താരങ്ങളും രംഗത്തെത്തി.
കോഹ്‌ലിയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവാണിതെന്നാണ് ക്രിക്കറ്റ് ലോകം ഇതിനെ വിലയിരുത്തുന്നത്.

എന്നാല്‍ അശ്വിനെ കളിപ്പിക്കാനുളള തീരുമാനത്തെ നായകന്‍ കോഹ്‌ലി മത്സര ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ന്യായീകരിച്ചു.
എല്ലാ സ്പിന്നര്‍മാര്‍ക്കും പിച്ച് പ്രയാസകരമായിരുന്നെന്നും ചില കാര്യങ്ങള്‍ കണക്കുകൂട്ടലില്‍ നിന്നും എപ്പോഴും തെറ്റിപോകുമെന്നുമായിരുന്നു ക്യാപ്റ്റന്റെ വിശദീകരണം.