ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം; ഹറമുകളില്‍ ഭക്തജന തിരക്ക്

ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം. മക്ക, മദീന ഹറമുകളില്‍ ഭക്തജന തിരക്ക്. റമസാനിലെ 27ആം രാവില്‍ ജന ലക്ഷങ്ങള്‍ ഹറമുകളില്‍ ഒരുമിച്ച് കൂടും. റമസാനിലെ അവസാന പത്ത് തുടങ്ങിയതുമുതല്‍ ഇരുഹറമുകളിലും വന്‍ തിരക്കാണ് അനുഭവ പെടുന്നത്.

പാപമോചനത്തിന്റെ പത്തായി കരുതുന്ന അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലെ പുണ്യംനുകരാനും നിരവധിയാളുകളാണ് മക്കയിലും മദീനയിലും തങ്ങുന്നത്. വിദേശ രാജ്യങ്ങങ്ങില് നിന്നെത്തുന്നവര്ക്ക് പുറമെ സ്വദേശികളും പുണ്യനഗരിയിലേക്ക് ഒഴുകുകയാണ്. പ്രവാചകചര്യ പിന്പറ്റി റമദാനിലെ അവാസന പത്ത് ദിവസത്തെ ഇഅ്തികാഫിനായി മക്കയിലും മദീനയിലും നിരവധി പേര് എത്തിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാമിനകത്തും പുറത്തും തീര്‍ഥാടകരെ സഹായിക്കുന്നതിനുള്ള ഡിഫന്‍സ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

മക്ക, മദീന പട്ടണങ്ങളിലെ മുഴുവന്‍ ഡിസ്ട്രിക്റ്റുകളിലും കൂടുതലാളുകളെയും നിയോഗിക്കുകയും ഇവര്‍ക്കാവശ്യമായ ഉപകരണങ്ങളും വാഹനങ്ങങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിര സേവനത്തിനായി നിരവധി േെമട്ടാര്‍ സൈക്കില്‍ യൂനിറ്റുകളുമൊരുക്കിയിട്ടുണ്ട്. തീര്‍ഥാടകരെ താമസിപ്പിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ പരിശോധന നടത്തിവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണ അളവ് പരിശോധിക്കാനും സംഘങ്ങളുണ്ട്.

വിദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കു പുറമെ സൗദി അറേബ്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും സ്വദേശികളും വിദേശികളും കുടുംബ സമേതവും അല്ലാതെയും പുണ്യനഗരങ്ങളിലേക്ക് ഒഴുകുകയാണ്. ഉംറ നിര്‍വഹിച്ചും മദീന സിയാറത്ത് പൂര്‍ത്തിയാക്കിയും തിരിച്ചുപോകുന്നവരും റമദാനിലെ പുണ്യദിവസങ്ങള്‍ മക്കയിലും മദീനയിലും കുടുംബ സമേതം ചെലവഴിക്കുന്നവരുമുണ്ട്. വേനലവധിക്കാല അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചെങ്കിലും വ്രത മാസമായതിനാല്‍ അധിക സൗദി കുടുംബങ്ങളും അവധിക്കാലം ചെലവഴിക്കുന്നതിന് വിദേശങ്ങളിലേക്ക് പോയിട്ടില്ല.

റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിനും പുണ്യദിവസങ്ങള്‍ മക്കയിലും മദീനയിലും ചെലവഴിക്കുന്നതിനും ആയിരക്കണക്കിന് സൗദി കുടുംബങ്ങള്‍ ഹോട്ടലുകളില്‍ മുറികളെടുത്ത് കഴിയുകയാണ്. പെരുന്നാളിനു ശേഷമാകും അധിക കുടുംബങ്ങളും വിദേശങ്ങളിലേക്ക് പോവുക. ഹജ്, ഉംറ മന്ത്രാലയത്തിന്റെയും ജവാസാത്തിന്റെയും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മക്കയിലും മദീനയിലുമായി എട്ടു ലക്ഷത്തോളം വിദേശ തീര്‍ഥാടകരുണ്ട്.

റമദാന്‍ അവസാനത്തിലേക്ക് അടുക്കുന്നതോടെ വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം ഇനിയും വര്‍ധിക്കും. കടുത്ത തിരക്ക് കണക്കിലെടുത്ത് മദീന മസ്ജിദുന്നബവിയുടെ ടെറസ് വിശ്വാസികള്‍ക്കു മുന്നില്‍ തുറന്നുകൊടുത്തിട്ടുണ്ട്. മഗ്രിബ്, ഇശാ, സുബ്ഹ്, തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കാണ് ടെറസസ്സ് തുറന്നുകൊടുക്കുന്നത്. പെരുന്നാള്‍ നമസ്‌കാരം വരെ ഇത് തുടരും. ഉംറ സീസണ്‍ അവസാനിക്കാറായതോടെ വിദേശ തീര്‍ഥാടകരുടെ വരവ് കൂടിയിട്ടുണ്ട്.

മക്ക, മദീന വിമാനത്താവളങ്ങളില്‍ തീര്‍ഥാടകരേയും വഹിച്ചെത്തുന്ന വിമാനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഹജ്ജ് ടെര്‍മിനലില്‍ യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ കൂടുതല്‍ കൗണ്ടറുകളൊരുക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് വകുപ്പിന് കീഴില്‍ കൂടുതല്‍ ആളുകളെ നിയോഗിച്ചിട്ടുണ്ട്.

ഗവണ്‍മെന്റ് ഓഫീസുകള്‍ ഈദുല്‍ ഫിത്വര്‍ അവധിക്കായി അടച്ചതിനാല്‍ വരും ദിവസങ്ങളില്‍ ആഭ്യന്തര തീര്‍ഥാടകരുടെ വരവ് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.