പുതുവൈപ്പിന്‍ പ്രതിഷേധമടങ്ങുന്നില്ല; സമരം 127ാം ദിവസത്തിലേക്ക്

പുതുവൈപ്പിന്‍ സമരത്തിനിടെയുണ്ടായ പോലീസ് നടപടിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവര്‍ത്തകയെ തിരികെ സമരവേദിയിലേക്ക് കൊണ്ടുവരുന്നു

കൊച്ചി: പുതുവൈപ്പിലെ നിര്‍ദിഷ്ട എല്‍.പി.ജി ടെര്‍മിനലിനെതിരെ സമരം ചെയ്യുന്നവരെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധം കത്തുന്നു. പൊലീസ് നടപടിയെ ന്യായീകരിച്ച ഡി.ജി.പിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിന്തുണച്ചതോടെ ഭരണമുന്നണിയിലെ പ്രധാന കക്ഷികള്‍ തമ്മില്‍ ഏറ്റുമുട്ടലിന് വഴിതുറന്നു.

മുഖ്യമന്ത്രിക്കും പൊലീസ് നയത്തിനുമെതിരെ സി.പി.എം മുഖപത്രവും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ നേതാക്കളും പരസ്യമായി രംഗത്തെത്തി. പൊലീസ് നടപടിക്ക് നേതൃത്വം നല്‍കിയ ഡി.സി.പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.

അതിനിടെ, പൊലീസ് നരനായാട്ടിലും തളരാത്ത വീര്യത്തോടെ പുതുവൈപ്പില്‍ ജനകീയ സമരസമിതി നടത്തുന്ന ഉപരോധസമരം 127ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍, കാനം രാജേന്ദ്രന്‍, കൊച്ചി അതിരൂപത പ്രതിനിധികള്‍ എന്നിവര്‍ സമരപ്പന്തലിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

സമരത്തിന് തീവ്രവാദബന്ധമുണ്ടെന്ന ഡി.ജി.പിയുടെ പരാമര്‍ശം സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചതായി സമരക്കാരെ സന്ദര്‍ശിച്ച കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാറിനെതിരായ പൊലീസ് ഗൂഢാലോചനയാണ് പുതുവൈപ്പില്‍ കണ്ടത്.

തീവ്രവാദബന്ധമുണ്ടെന്ന് പറയുന്നത് സമരക്കാരെ അപഹസിക്കലാണ്. പ്രധാനമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കാനാണ് പൊലീസ് ഇടപെട്ടതെന്ന ഡി.ജി.പിയുടെ പരാമര്‍ശത്തെക്കുറിച്ച് ഡല്‍ഹിയിലുള്ള പ്രധാനമന്ത്രിയെ സമരക്കാര്‍ എങ്ങനെ തടയുമെന്നായിരുന്നു കാനത്തിന്റെ ചോദ്യം.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം റേഞ്ച് ഐ.ജി ഓഫിസിലേക്ക് എ.ഐ.വൈ.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണമെന്നും പൊലീസിനെ സി.പി.ഐ നിലക്കുനിര്‍ത്താമെന്നും രാജു പറഞ്ഞു.

പക്ഷേ, താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന പൊലീസല്ല ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. ബി.ജെ.പിയുടെ നോമിനിയായ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്രയെ സര്‍ക്കാര്‍ നിയന്ത്രിച്ചില്ലെങ്കില്‍ ജനങ്ങള്‍ സംശയിക്കും. ജനങ്ങളെ അടിച്ചമര്‍ത്തുന്ന നയം പൊലീസ് തുടര്‍ന്നാല്‍ കൊച്ചിയില്‍ നിയമവാഴ്ച വേണ്ടെന്ന് വെക്കേണ്ടിവരുമെന്നും രാജു മുന്നറിയിപ്പ് നല്‍കി.