ലക്ഷ്മി നായരുടെ അക്കാദമിയിലെ കലണ്ടറില്‍ ഫെബ്രുവരിക്ക് 30 ദിവസം

തിരുവന്തപുരം: സെലിബ്രിറ്റി ഷെഫായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ പേരൂര്‍ക്കട ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറിയത് 1968 ഫെബ്രുവരി മുപ്പതിന്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ keralalawacademy.in- ല്‍ ആണ് ഈ ഞെട്ടിക്കുന്ന വിവരം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം 168 ഫെബ്രുവരിയില്‍ 29 ദവസം മാത്രമാണുണ്ടായിരുന്നത്. മാത്രമല്ല ഫെബ്രുവരി മാസത്തില്‍ 29 ദിവസത്തില്‍ കൂടുതലുണ്ടെന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.

academy

ലോ അക്കാദമിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി സംബന്ധിച്ച രേഖ സര്‍ക്കാരിന്റെ പക്കലോ കോഴ്‌സിന് അഫിലിയേഷന്‍ ലഭിച്ചത് സംബന്ധിച്ച രേഖകള്‍ സര്‍വകലാശാലയുടെയോ കൈവശമില്ലെന്ന വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ഫെബ്രുവരി 30 പട്ടയം ലഭിച്ചെന്ന് അക്കാദമി വെബ്‌സൈറ്റ് പറയുന്നത്.

11.49 ഏക്കര്‍ ഭൂമി 1968ല്‍ ഇംഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാട്ടത്തിന് കിട്ടിയെന്നാണ് വെബ്‌സൈറ്റിലെ ഹിസ്റ്ററി എന്ന ലിങ്കില്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്ന് മന്ത്രിമാരായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍, കെ.ആര്‍ ഗൗരിയമ്മ, സി.എച്ച് മുഹമ്മദ്‌കോയ എന്നിവര്‍ അക്കാദമി രൂപീകരണത്തിന് സഹായിച്ചിരുന്നു.

ഇതേത്തുടര്‍ന്ന്  1968 ഫെബ്രുവരി 30 – ന് ഭൂമി അക്കാദമിക്ക് പാട്ടവ്യവസ്ഥയില്‍ കൈമാറിയെന്നാണ് പറയുന്നത്. തുടര്‍ന്ന് 1976 ല്‍ പാട്ടക്കാലാവധി 30 വര്‍ഷത്തേക്കു കൂടി നീട്ടിക്കിട്ടിയെന്നും 1985 ലെ മന്ത്രിസഭായോഗമാണ് ഭൂമി പതിച്ചുനല്‍കാനുള്ള തീരുമാനമെടുത്തതെന്നും പറയുന്നു. അന്നത്തെ റവന്യൂമന്ത്രിയായിരുന്ന ബേബി ജോണും കൃഷി മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനുമാണ് ഇതിന് സഹായിച്ചത്.