ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരിസ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ഇന്ത്യയുടെ സൈന നേവാള്‍, പി വി സിന്ധു പുരുഷ വിഭാഗത്തില്‍ കെ ശ്രീകാന്ത്, ബി സായ് പ്രണീത് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. എന്നാല്‍ എച്ച് എസ് പ്രണോയ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു.

ഇന്‍ഡോനേഷ്യ ഓപ്പണ്‍ ചാമ്പ്യന്‍ ശ്രീകാന്ത് ആദ്യ റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ കാന്‍ ചാവോ യുവിനെ 21-13, 21-16 ന് പരാജയപ്പെടുത്തി. സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍ ബി സായ് പ്രണീതിന്റെ വിജയം ഇന്‍ഡോനേഷ്യയുടെ ടോമി സുഗിയാത്രോയ്‌ക്കെതിരെയായിരുന്നു. സ്‌കോര്‍: 10-21, 21-12, 21-10. രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ ടോപ് സീഡ് സൊന്‍ വാന്‍ ഹോയാണ് ശ്രീകാന്തിന്റെ എതിരാളി. സായ് പ്രണീത് ചൈനയുടെ ഹുവാങ് യുസിയാങിനെ നേരിടും.

വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ സൈന നാലാം സീഡ് ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ അട്ടിമറിച്ചു. സ്‌കോര്‍: 21-10, 21-16. മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയാണ് സൈന. മലേഷ്യയുടെ സോണിയ ചീയാണ് സൈനയുടെ രണ്ടാം റൗണ്ട് പ്രതിയോഗി. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു, ജപ്പാന്റെ സയാക സാതോയ്‌ക്കെതിരെ 21-17, 14-21, 21-18 ന് ജയിച്ചു. ഇന്‍ഡോനേഷ്യ സൂപ്പര്‍ സീരിസ് പ്രീമിയര്‍ ചാമ്പ്യനാണ് സയാക സാതോ. ഒരു മണിക്കൂര്‍ അഞ്ചു മിനിറ്റ് പോരാട്ടം നീണ്ടു നിന്നു. അഞ്ചാം സീഡ് സിന്ധുവിന്റെ അടുത്ത എതിരാളി ചൈനയുടെ ചെന്‍ സിയോസിനാണ്.
റുത്‌വിക ഷിവാനി ഗാഡെസിന്റെ വെല്ലുവിളി ചെന്‍ അതിജീവിച്ചു.

ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന പോരാട്ടത്തില്‍ 17-21, 21-12, 12-21 ന് ഷിവാനി കീഴടങ്ങി. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- എന്‍ സികി റെഡി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഓസ്‌ട്രേലിയയുടെ സുവാന്‍ യു വെന്‍ഡി ചെന്‍- ജെന്നിഫര്‍ ടാമിനെതിരെയായിരുന്നു ഇവരുടെ വിജയം. സ്‌കോര്‍: 21-11, 21-13. മറ്റൊരു ഇന്ത്യന്‍ സഖ്യം സാത്വിക്‌സയ്‌രാജ് റാങ്കിറെഡി- ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ഹോങ്കോങിന്റെ ലോ ചെക് ഹിം- ലീ ചുന്‍ ഹെയ് റെഗിനാള്‍ഡ് 20-22, 21-19, 21-11ന് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചു.
അതിനിടെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്, അജയ് ജയറാം, പി കശ്യപ്പ്, സിറിള്‍ വര്‍മ്മ എന്നിവര്‍ ആദ്യ റൗണ്ടില്‍ കീഴടങ്ങി. ഏഴാം സീഡ് ഹോങ്കോങിന്റെ എന്‍ കാ ലോങ് ആഗസ് 14-21, 21-10, 21-9 ന് ജയറാമിനെ പരാജയപ്പെടുത്തി. പരുക്ക് ഭേദമായി തിരിച്ചെത്തിയ കശ്യപ്പ് 21-18, 14-21, 21-15 ന് ദക്ഷിണ കൊറിയയുടെ സൊന്‍ വാന്‍ ഹോവിനോട് പരാജയപ്പെട്ടു. ഒരു മണിക്കൂറോളം മല്‍സരം നീണ്ടു നിന്നു.
യുവതാരം സിറില്‍ വര്‍മ്മയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഡെന്‍മാര്‍ക്കിന്റെ ഹാന്‍സ് ക്രിസ്റ്റ്യന്‍ സോല്‍ബെര്‍ഗ് വിറ്റിങ്ഹസ് തോല്‍പ്പിച്ചു. സ്‌കോര്‍: 16-21, 8-21. ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനോടായിരുന്നു പ്രണോയിയുടെ പരാജയം. സ്‌കോര്‍: 19-21, 13-21.
പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ഫ്രാന്‍സിസ് ആല്‍വിന്‍- തരുണ്‍ കോന സഖ്യവും ആദ്യ റൗണ്ടില്‍ പരാജയം രുചിച്ചു. ഇന്‍ഡോനേഷ്യയുടെ ഹേന്‍ഡ്ര സെതിയാവന്‍- മലേഷ്യയുടെ ബൂന്‍ ഹിയോങ് താന്‍ 17-21, 15-21 ന് ഇവരെ കീഴടക്കി. മനു അത്രി- ബി സുമീത് റെഡി സഖ്യവും ആദ്യ റൗണ്ടില്‍ തോല്‍വി രുചിച്ചു.
മൂന്നാം സീഡ് ജപ്പാന്റെ തകേഷി കാമുറ- കെയ്‌ഗോ സൊനോഡയോടായിരുന്നു പരാജയം. സ്‌കോര്‍: 20-22, 6-21. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ് റാങ്കിറെഡി- അശ്വിനി പൊന്നപ്പയെ 13-21, 17-21 ന് ഹോങ്കോങിന്റെ ലീ ചുന്‍ ഹെയ് റെഗിനാള്‍ഡ്- ചാവു ഹോയ് വാ തോല്‍പ്പിച്ചു.