ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പെംബ്രൂക്ക് പൈന്‍സ് സിറ്റിയുടെ ആദരം

മയാമി: കര്‍മ്മനിരതമായ രണ്ടു പതിറ്റാണ്ടിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് ആദരവിന്റെ നിറച്ചാര്‍ത്തുകള്‍.

എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും, തദ്ദേശീയരുമായി ഒരുലക്ഷത്തി എഴുപതിനായിരത്തോളം ജനസംഖ്യയും, ജനസംഖ്യാനുപാതികമായി ഫ്‌ളോറിഡ സംസ്ഥാനത്തെ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്ന സിറ്റി ഓഫ് പെംബ്രൂക്ക് പൈന്‍സിന്റെ കമ്മീഷന്‍ മീറ്റിംഗില്‍ വച്ചു മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ് ഐ.എന്‍.എ.എസ്.എഫിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നും, ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിനു മാത്രമല്ല, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനും, അശരണര്‍ക്കും, നിസ്സഹായര്‍ക്കും നിസ്വാര്‍ത്ഥമായി നല്‍കുന്നതുകൊണ്ടാണ് സിറ്റി ഓഫ് പെംബ്രൂക്ക് പൈന്‍സിന്റെ ആദരവുകളും അനുമോദനങ്ങളും ഇവിടെ പ്രഖ്യാപിക്കുന്നതെന്ന് അറിയിച്ചു.

സിറ്റിയുടെ ഔദ്യോഗികമായ ഈ പ്രഖ്യാപനം (പ്രൊക്ലമേഷന്‍) ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളുടേയും, സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സംസ്ഥാന ഭാരവാഹികളുടേയും നിറസാന്നിധ്യത്തില്‍ അലീഷ കുറ്റിയാനി മേയറുടെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി.

ഈ മഹനീയ ചടങ്ങില്‍ സിറ്റി വൈസ് മേയര്‍ ആഞ്ചലോ കാസ്റ്റില്ല, കമ്മീഷണര്‍മാര്‍, സിറ്റി സീനിയര്‍ ഒഫീഷ്യല്‍സ്, കേരള സമാജം പ്രസിഡന്റ് സാജന്‍ മാത്യു, നവകേരളാ പ്രസിഡന്റ് സുരേഷ് നായര്‍, ഐ.എന്‍.എ.എസ് ഭാരവാഹികളായ ഡോ. ജോര്‍ജ് പീറ്റര്‍, ജിനോയി തോമസ്, വത്സാ സണ്ണി, ബീനാ രാജന്‍, കുഞ്ഞമ്മ കോശി, ജയമോള്‍ ജിനോയി, റജീത്ത് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Newsimg2_50258548 Newsimg3_3140408