ജിഷ്‍ണു പ്രണോയ് കേസ് സി.ബി.ഐക്ക് വിട്ടു

    ജിഷ്ണു പ്രണോയി കേസ് സിബിഐക്ക് വിട്ട് കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു. വിജ്ഞാപനത്തിന്റെ പകര്‍പ്പ് ചാനലുകള്‍ പുറത്ത് വിട്ടു.

    ജിഷ്ണു പ്രണോയിയുടെ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നുള്ള കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു. അതിനിടെ നടപടി ക്രമങ്ങള്‍ വൈകുന്നതില്‍ ജിഷ്ണുവിന്റെ കുടുംബം അതൃപ്തിയും പ്രകടിപ്പിച്ചു.

    എന്നാല്‍ സര്‍ക്കാര്‍ കേസ് സിബ്ഐക്ക് വിടാനുള്ള നടപടികളുമായി മുന്നോട്ട് പോയിരുന്നു. ഡെല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബിള്‍ഷ്മെന്റ് ആക്ട് പ്രകാരം കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനം കഴിഞ്ഞ മാസം 15 ന് അസാധാരണമായ ഗസ്റ്റ് വിജ്ഞാപനമായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കി. തുടര്‍ന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കൈമാറുകയും ചെയ്തതായാണ് വിവരം. ഇനി സിബിഐയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്തിന്റെ ഭാഗത്തിന് നിന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ പ്രതികരിച്ചു

    ജിഷ്ണുവിന്റെ പിതാവ് അശോകന്‍ നല്‍കിയ നിവേധനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്നും വിജ്ഞാപനത്തിന് ഒപ്പമുള്ള നോട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.