അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; ഗണേഷിനും മുകേഷിനും വേണ്ടി മാപ്പു ചോദിക്കുന്നതായി ഇന്നസെന്റ്

    നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. അമ്മ എന്ന സംഘടന എന്നും ഇരയ്‌ക്കൊപ്പമാണെന്നും നടിയെ വേണ്ടവിധത്തില്‍ സംരക്ഷിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്.

    കഴിഞ്ഞ അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രണ്ട് താരങ്ങള്‍ മാധ്യമങ്ങളോട് മോശമായി സംസാരിച്ചത് തെറ്റായിപ്പോയെന്ന് ഇന്നസെന്റ് പറഞ്ഞു. മാധ്യമങ്ങളെ താരങ്ങള്‍ കൂവിയ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നതായി ഇന്നസെന്റ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗണേഷും മുകേഷും ആവേശത്തോടെ സംസാരിക്കുകയായിരുന്നു. അല്ലാതെ മാധ്യമങ്ങളോട് മോശമായി പെരുമാറിയതല്ല. ഇത് തെറ്റിദ്ധാരണയുണ്ടാക്കി. ആ ആവേശം ഒഴിവാക്കേണ്ടതായിരുന്നു. അതിനിടയ്ക്ക് ചില താരങ്ങള്‍ മാധ്യമങ്ങളെ കൂവി. അത് മനപ്പൂര്‍വ്വം ചെയ്തതല്ല. അപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്തതാണ്.

    കഴിഞ്ഞ ദിവസവും താന്‍ ദിലീപുമായി സംസാരിച്ചെന്നും തനിക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു. “ദിലീപിനോട് എന്തെങ്കിലും പങ്കുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല ചേട്ട ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് ദിലീപ് എന്നോട് പറഞ്ഞത്”.

    അമ്മയുടെ പ്രസിഡന്റ് സ്ഥാനം താന്‍ രാജിവെക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്നസെന്റ് വ്യക്തമാക്കി. അത് കള്ളവാര്‍ത്തയാണ്. അത് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. രാജിവെക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പ്രസിഡന്റ് സ്ഥാനത്ത് താന്‍ കടിച്ചുതൂങ്ങിക്കിടക്കുകയല്ല. കഴിഞ്ഞ തവണ വേണ്ടെന്ന് പറഞ്ഞ് ഓടിയതാണ്. എല്ലാവരും കൂടി എന്നെ പിടിച്ച് ഏല്‍പ്പിക്കുകയായിരുന്നു. ഈ കാലാവധി പൂര്‍ത്തിയാക്കും. കഴിവുള്ള വനിതാതാരങ്ങള്‍ ഉണ്ടെങ്കില്‍ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കും.

    അമ്മപിരിച്ചുവിടണമെന്ന വൈസ് പ്രസിഡന്റ് ഗണേഷ് കുമാറിന്റെ ആവശ്യം ആദ്യം വലിയ വേദനയുണ്ടാക്കിയെന്ന് ഇന്നസെന്റ് പ്രതികരിച്ചു. എന്നാല്‍ ആ കത്തില്‍ ഗണേഷ് പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ കഴമ്പുണ്ട്. അമ്മയിലെ ചില തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അക്കാര്യം അദ്ദേഹവുമായി സംസാരിച്ച് തെറ്റിദ്ധാരണകള്‍ നീക്കിയിട്ടുണ്ട്.