വിദേശത്ത്‌ നഴ്സുമാർക്കായി കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു

ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക്‌ വിദേശത്ത്‌ തൊഴിലവസരങ്ങൾ വർദ്ധിക്കും. 2008-ൽ സാമ്പത്തികമാന്ദ്യത്തെ തുടർന്ന്‌ റിക്രൂട്ട്മെന്റ്‌ നിർത്തിവെച്ച അമേരിക്കയും ബ്രിട്ടനും റിക്രൂട്ട്മെന്റ്‌ പുനരാരംഭിക്കുമെന്ന്‌ ട്രെയിൻഡ്‌ നഴ്സസ്‌ അസോസിയേഷൻ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ അനിത ദിയോധർ പറയുന്നു.

അമേരിക്കയിൽ നഴ്സുമാർ കൂട്ടത്തോടെ ഈ വർഷം വിരമിക്കുമ്പോൾ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ബ്രിട്ടനിൽ ബ്രക്സിറ്റിനെ തുടർന്ന്‌ അവിടെ നിന്നുള്ള നഴ്സുമാർ മറ്റ്‌ യൂറോപ്യൻ യൂണിയൻ രാജ്യത്തിലേക്ക്‌ കൂട്ടത്തോടെ മാറുന്നതും കൂടുതൽ അവസരങ്ങൾ തുറക്കും. എന്നാൽ ഫിലിപ്പൻസ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാർ കുറഞ്ഞ പ്രതിഫലത്തിൽ ജോലിയെടുക്കാൻ തയ്യാറാകുന്നത്‌ ഇന്ത്യക്കാർക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌.
കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക്‌ വിദേശങ്ങളിൽ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 25 ലക്ഷം രൂപ വരെ റിക്രൂട്ട്‌മന്റ്്‌ ഏജൻസികൾക്ക്‌ നൽകികൊണ്ടാണ്‌ പലരും വിദേശത്ത്‌ ജോലി നേടുന്നത്‌. ഇത്തരത്തിൽ ജോലി നേടുന്ന പലരും അന്യസംസ്ഥാനങ്ങളിൽ വേണ്ടത്ര ക്ലിനിക്കൽ പരിശീലനമടക്കം കിട്ടാത്തവരുണ്ടെന്ന ദയനീയ അവസ്ഥയുണ്ട്‌.

കേരളത്തിൽ നിന്നുള്ള നഴ്സുമാർ കരിമ്പട്ടികയിൽപെടാനുള്ള സാധ്യതകൾ പോലും നിലനിൽക്കുന്നുണ്ടെന്ന്‌ ടി എൻ എ ഐ സെക്രട്ടറി ജനറൽ ഇവ്ലിൻ പി കണ്ണൻ പറഞ്ഞു.
ടി എൻ എ ഐ യെ ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ റിക്രൂട്ടിംഗ്‌ ഏജൻസിയായി നിയോഗിച്ച കേന്ദ്രസർക്കാർ തീരുമാനം. കേരളത്തിൽ നിന്നടക്കമുള്ള നഴ്സുമാരുടെ യോഗ്യതക്കനുസരിച്ച്‌ മികച്ച ജോലി വിദേശത്ത്‌ നേടുന്നതിന്‌ ഇടയാക്കുമെന്ന്‌ ഇവ്ലിൻ പറഞ്ഞു.

നിലവിൽ നോർക്കയടക്കമുള്ള ഗവൺമെന്റ്‌ ഏജൻസികൾ റിക്രൂട്ട്മെന്റ്‌ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമായിരുന്നില്ല. വിവിധ രാജ്യങ്ങളിലെ പ്രമുഖ ആശുപത്രികളിൽ ജോലിയുടെ ഒഴിവുകൾ അറിയുന്നതിന്‌ ടി എൻ എ ഐ ശേഖരിക്കും.

പിന്നീട്‌ ഇൻ ഹൗസ്‌ ജേർണൽ, വർത്തമാന പത്രങ്ങൾ, വെബ്സൈറ്റുകൾ, പോസ്റ്ററുകൾ എന്നിവയിലൂടെ നഴ്സുമാരെ അറിയിക്കും.
കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക്‌ പുറമേ പഞ്ചാബ്‌, തെലുങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാർ വിദേശങ്ങളിൽ തൊഴിൽതേടി പോകുന്നുണ്ട്‌. ഗുജറാത്ത്‌, മഹാരാഷ്ട്ര, ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക്‌ ടി എൻ എ ഐ റിക്രൂട്ട്മെന്റ്‌ നടക്കുന്നതോടെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. നഴ്സുമാരിൽ നിന്ന്‌ വിദേശകാര്യമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ഫീസ്‌ മാത്രമേ ഈടാക്കുകയുള്ളൂവെന്നും അനിത ദിയോധർ പറഞ്ഞു.

ടി എൻ എ ഐ സുപ്രീംകോടതിയിൽ നൽകിയ റിട്ട്‌ പെറ്റീഷനെ തുടർന്ന്‌ 2014ലെ ഉത്തരവിലാണ്‌ സ്വകാര്യ ആശുപത്രികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ ജോലി സ്ഥലത്തെ സ്ഥിതിഗതി മെച്ചപ്പെടുത്താനുള്ള നിയമം നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്‌ നിർദ്ദേശം നൽകിയത്‌.
കേരളത്തിലെ നഴ്സുമാർ നടത്തുന്ന സമരത്തിന്‌ ടി എൻ എ ഐ പൂർണ്ണമായും പിന്തുണക്കുന്നു. മിനിമം വേതനമടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ആശുപത്രികളും സ്ഥാപനങ്ങളും വിമുഖത കാട്ടിയാൽ ടി എൻ എ ഐ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ സെക്രട്ടറി ജനറൽ പറഞ്ഞു.