കാവ്യ മാധവന്റെ കള്ളക്കളി അന്വേഷണസംഘം പൊളിച്ചു; ‘ലക്ഷ്യ’യിലെ പഴയ ജീവനക്കാരെ മാറ്റിയതായി കണ്ടെത്തി

    കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യമാധവന്റെ വീട്ടിലും വസ്ത്രവ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തിയതിന് മുമ്പ് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ പഴയ ജീവനക്കാരെ മാറ്റിയതായി സൂചന.
    പള്‍സര്‍ സുനി ജയിലില്‍ വെച്ച് പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്നു പരിശോധന നടത്തിയത്.

    എന്നാല്‍ ആക്രമണം നടന്നതിന് ഒരു മാസങ്ങള്‍ക്ക് ശേഷം കടയിലെ ജീവനക്കാരെ കാവ്യ ഇടപെട്ട് മാറ്റിയിരുന്നു എന്ന് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്നാണ് പൊലീസിന് പള്‍സര്‍ സുനി നല്‍കിയ മൊഴി. കൂട്ടുപ്രതിയായ വിജീഷാണ് ഇത് കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ മൊഴിയിലെ വസ്തുതകള്‍ പരിശോധിക്കാനാണ് പൊലീസ് പരിശോധന നടത്തിയതും സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതും.

    നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് രണ്ട് തവണയും സംഭവത്തിന് ശേഷം ഒരു തവണയുമാണ് പള്‍സര്‍ സുനിയും സംഘവും ഇവിടെയെത്തിയിരുന്നത്. ആ സമയത്ത് ജീവനക്കാരായിരുന്നവരെയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയത്.

    നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ ഗൂഢാലോചന പുറത്ത് വരാതിരിക്കാനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് പൊലീസ് ഇതിനെ കാണുന്നത്. ഈ ജീവനക്കാരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.ഗൂഢാലോചനാ കേസിലെ നിര്‍ണായക സാക്ഷികളാണ് ഇവരെന്നാണ് സൂചന. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ പ്രതികള്‍ കൊണ്ടുവന്ന മെമ്മറി കാര്‍ഡ് ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാകൂ.

    എന്നാല്‍, മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കടയിലെ പണമിടപാട് സംബന്ധിച്ച രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെയുള്ള തെളിവുകളുമാണ് പൊലീസ് പിടിച്ചെടുത്തത്.പള്‍സര്‍ സുനിയും കൂട്ടാളികളും കടയിലെത്തിയ സമയങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പഴയ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.

    കമ്പ്യൂട്ടറില്‍ പരമാവധി പത്തു ദിവസം മുമ്പ് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ ജീവനക്കാരുടെ മൊഴി കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

    നടന്‍ ദിലീപുമായുളള വിവാഹത്തിന് മുന്‍പാണ് കാവ്യ മാധവന്‍ വസ്ത്രവ്യാപാരത്തിലേക്ക് കടക്കുന്നതും ലക്ഷ്യയ്ക്ക് തുടക്കം കുറിക്കുന്നതും. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദിലീപിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതിയ കത്തിലെ കാക്കനാട്ടെ ഷോപ്പിനെക്കുറിച്ചുളള അന്വേഷണമാണ് പൊലീസിനെ ഇങ്ങോട്ട് എത്തിച്ചത്. അതീവ രഹസ്യമായിട്ടാണ് ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കായി എത്തിയതും.

    കത്തും കത്തില്‍ പരാമര്‍ശിക്കുന്ന ഷോപ്പിനെ സംബന്ധിച്ചും പള്‍സര്‍ സുനി പൊലീസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. കുറ്റകൃത്യത്തിനുശേഷം കാക്കനാട്ടെ ഷോപ്പില്‍ രണ്ടുതവണ എത്തിയതായി കത്തില്‍ സുനി പരാമര്‍ശിക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ പോകുന്നതിന് മുന്‍പാണ് പ്രതി കാക്കനാട്ടെ ഷോപ്പില്‍ എത്തിയതായി മൊഴി നല്‍കിയത്‌