വിദ്യാഭ്യാസം മുടക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍: വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സ്‌കൂളുകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നത് പതിവാകുന്നു

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചിട്ടും വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ കോഴിക്കോട് പ്രൈമറി സ്‌കൂളുകളടക്കം നിര്‍ബന്ധിച്ച് അടപ്പിക്കുന്നത് പതിവാകുന്നു.

ഇന്നത്തെ എ.ബി.വിപിയുടേത് ഉള്‍പ്പെടെ ഒരു മാസത്തിനിടെ നടന്നത് നിരവധി വിദ്യാഭ്യാസ ബന്ദുകള്‍. ബലപ്രയോഗത്തിന് നില്‍ക്കാതെ സമരക്കാരോട് സഹകരിക്കേണ്ട ഗതികേടിലാണ് അധ്യാപകര്‍. എതിര്‍ത്ത് സംസാരിച്ചാല്‍ സ്‌കൂളുകളിലെ വസ്തുവകകള്‍ നശിപ്പിക്കുമെന്ന ഭയത്താലാണ് സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ കുട്ടികളെ വീട്ടിലേക്ക് വിടേണ്ടിവരുന്നതെന്ന് അധ്യാപകര്‍ പറയുന്നു.

ഇത്തരം സമരങ്ങളുടെ പേരില്‍ പ്രൈമറി സ്‌കൂളുകള്‍ പോലും ഒഴിപ്പിക്കുന്നത് ഉച്ചക്കഞ്ഞി വിതരണത്തെയും ബാധിക്കുന്നുണ്ട്. ഇതിനെ ആശ്രയിച്ച് സ്‌കൂളില്‍ വരുന്ന കുട്ടികളെ പട്ടിണിക്കിടുന്ന നടപടിയാണ് വിദ്യാര്‍ത്ഥിസംഘടനകളില്‍ നിന്ന് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ രാഷ്ട്രീയം പ്രൈമറി സ്‌കൂളുകളിലെ കൊച്ചു കുട്ടികളോട് കാണിക്കുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.