ദിലീപ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. നടന്‍മാരായ ദിലീപ്, സലിം കുമാര്‍, അജു വര്‍ഗ്ഗീസ്, നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

സിനിമയിലെ വനിതാ കൂട്ടായ്മയാണ് വിമണ്‍ ഇന്‍ കളക്ടീവിന്റെ പരാതിയിലാണ് നടപടി. ഡിയു കുര്യാക്കോസിനാണ് അന്വേഷണച്ചുമതല. വനിതാ സംഘടനയുടെ പരാതിയില്‍ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

ആക്രമത്തിന് ഇരയായ നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് അഭിപ്രായപ്പെട്ടത്. ആരോടൊക്കെ കൂട്ടുകൂടണമെന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്നും ദിലീപ് പറഞ്ഞു. നടി നേരിട്ടത് വെറും രണ്ടര മണിക്കൂറത്തെ പീഡനം മാത്രമാണെന്നും എന്നാല്‍ അതിന്റെ പേരില്‍ ദിലീപ് കഴിഞ്ഞ നാലുമാസമായി മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നും ആയിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ സജി നന്ത്യാട്ട് പ്രതികരിച്ചത്. ഇതിനെതിരെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നത്.

നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സലിം കുമാര്‍ അഭിപ്രായപ്പെട്ടത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതാണ് അജു വര്‍ഗ്ഗീസിന് വിനയായത്.