ഷിക്കാഗോയില്‍ വാരാന്ത്യം നടന്ന 110 വെടിവെയ്പുകളില്‍ കൊല്ലപ്പെട്ടത് 14 പേര്‍

ഷിക്കാഗൊ: അമേരിക്കയിലെ ഏറ്റവും അപകടകാരമായ സിറ്റിയെന്ന് അറിയപ്പെടുന്ന ഷിക്കാഗൊയില്‍ ജൂലൈ ആദ്യ വാരാന്ത്യം നടന്ന 110 ല്‍ പരം വെടിവെപ്പ് സംഭവങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ചിക്കാഗൊ ട്രൈബൂണ്‍ ബുധനാഴ്ച (ഇന്ന്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 13 വയസ്സ് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവര്‍.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ നിരവധിയാണ്.അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച ജൂലൈ നാലിന് 12 മണിക്കൂറിനുള്ളില്‍ 41 പേര്‍ക്കാണ് വെടിയേറ്റത്.ഷിക്കാഗൊയില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഇതിനെ നേരിടുന്നത് ഫെഡറല്‍ സേനയെ അയക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു.

ഓരോ വര്‍ഷം ചെല്ലും തോറും അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ ഇതേ സമയം 42 വെടിവെപ്പ് സംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ 2015 ല്‍ 40 വെടിവെപ്പുകളില്‍ 7 പേരാണ് കൊല്ലപ്പെട്ടത്.മയക്കുമരുന്ന് വില്‍പ്പനക്കാരും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളിലാണ് ഭൂരിപക്ഷവും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.