സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ്‌ സഭ

മലങ്കരസഭാ കേസില്‍ 2017 ജൂലൈ 3 സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അട്ടിമറിക്കാന്‍ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. വിധിയെ മാനിക്കാതെ പഴയതുപോലെ കൈയ്യൂക്കുകൊണ്ട് നീതി നിഷേധം തുടരാന്‍ മൂന്‍ യാക്കോബായ വിഭാഗത്തിലെ ചിലര്‍ ശ്രമിക്കുന്നുവെന്നും ഇതിനെ ഗൌരവമായാണ് കാണുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.

തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളിലൂടെയും കൈയ്യാങ്കളിയിലൂടെയും സുപ്രീം കോടതി വിധി മറകടക്കാനുള്ള ശ്രമം നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ സഭ ശക്തമായി നേരിടും. നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുംമുമ്പ് കോടതിവധി എന്തെന്നു വ്യക്തമായി മനസിലാക്കണം. ചില നേതാക്കളുടെ വ്യാജ പ്രചരണത്തില്‍ വഞ്ചിതരാവരുതെന്നും സഭ അഭ്യര്‍ത്ഥിക്കുന്നു. സുപ്രീം കോടതി വിധി ഉള്‍ക്കൊണ്ട് കാതോലിക്കാ ബാവയുടെ ആഹ്വാനം അനുസരിച്ച് സഭയില്‍ വിഭാഗീയത അവസാനിപ്പിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആഹ്വാനം ചെയ്യുന്നു.

വടക്കന്‍ ഭദ്രാസനങ്ങളിലെ ചില ഇടവകകളില്‍ നടന്ന കൈയേറ്റശ്രമങ്ങളെ വളരെ ഗൗരവത്തോടുകൂടി സഭ കാണുന്നു. ഇത്തരം സംഭവങ്ങളില്‍ ശക്തമായ രീതിയില്‍ത്തന്നെ പരിശുദ്ധ സഭ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം പ്രതികരിക്കും. അക്രമമാര്‍ഗ്ഗം വെടിഞ്ഞ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സഭാദ്ധ്യക്ഷനായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കല്പന ഉള്‍ക്കൊള്ളണമന്നും മാതൃസഭയുടെ കുടക്കീഴിലേയ്ക്ക് എല്ലാവരും മടങ്ങി വരണം എന്നും ഓര്‍ത്തഡോക്സ് സഭ വാര്‍ത്താക്കുറിപ്പില്‍ ആഹ്വാനം ചെയ്യുന്നു.

മലങ്കരസഭാ കേസിൽ സുപ്രീം കോടതിയുടെ പുതിയ വിധി സമഗ്രവും ഇതുവരെയുള്ള തർക്കങ്ങളുടെയും കേസുകളുടെയും അവലോകനവുംകൂടിയാണ്. മലങ്കരസഭാ ചരിത്രത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണു പുതിയ വിധി.

ജസ്റ്റിസ് ജെ.അരുൺകുമാർ മിശ്രയാണു വിധി എഴുതിയിരിക്കുന്നത്. 1995ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി പൂർണമായും ശരിവയ്ക്കുന്നതാണ് ഇപ്പോൾ ജസ്റ്റിസ് അരുൺകുമാർ മിശ്രയുടെയും ജസ്റ്റിസ് അമിതാവ റോയിയുടെയും വിധി. മാത്രമല്ല, 1995ലെ വിധിയും തുടർന്നുള്ള തീർപ്പും തമ്മിൽ ഒരു ഭിന്നതയുമില്ലെന്ന് ഈ വിധി വ്യക്തമാക്കിയതോടെ പുതിയ തീർപ്പിന്റെ ആവശ്യവുമില്ല.

പള്ളിക്കേസാണെങ്കിലും ഉപനിഷത്തും ഭഗവദ്ഗീതയും ഉദ്ധരിച്ചാണു വിധിന്യായത്തിൽ പല ഭാഗത്തും ജസ്റ്റിസ് അരുൺകുമാർ മിശ്ര വാദമുഖങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി എന്നീ പള്ളികളുടെ കേസുകളിലാണു വാദം കേട്ടതെങ്കിലും ഇപ്പോൾ വന്നിരിക്കുന്ന വിധി എല്ലാ പള്ളികൾക്കും മലങ്കരസഭയ്ക്കും ആകമാനം ബാധകമാണ്. 276 പേജുകളുള്ള വിധിന്യായത്തിൽ അർഥശങ്കയ്ക്ക് ഇടനൽകാത്തവിധം എന്താണു വിധി എന്നു വ്യക്തമാക്കിയിട്ടുമുണ്ട്.