വി.എസിന്റെ അനുസരണകേടും, അവസാനിക്കാത്ത താക്കീതും

സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാന്ദനെതിരെ വീണ്ടും പാര്‍ട്ടി നടപടി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ അച്ചടക്ക നടപടി നേരിടുന്നുവെന്ന പ്രത്യേകതയും വി.എസിനു മാത്രം സ്വന്തമായത്. ചെറുതും വലുതുമായി നിരവധി നടപടികളാണ് അച്യുതാനന്ദന്‍ നേരിട്ടത്. എല്ലാ നടപടികളും പാര്‍ട്ടി നിലപാടുകളെ തള്ളിപ്പറഞ്ഞതിനും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതിനുമായിരുന്നു. ഏറ്റവും ഒടുവില്‍ താക്കീതെന്ന ലഘുവായ നടപടി സ്വീകരിക്കുന്നതു ദീര്‍ഘമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഏറ്റവും അധികം കാലം നീണ്ട ഒരു കമ്മീഷനും സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.

അച്യുതാനന്ദനെതിരായ പരാതികളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര കമ്മിറ്റി പോളിറ്റ് ബ്യൂറോ കമ്മീഷനെ നിശ്ചയിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. കമ്മീഷനു നല്‍കിയ പരാതികള്‍ക്കു പുറമേ കമ്മീഷന്റെ കാലയളവില്‍ അച്യുതാനന്ദന്‍ നടത്തിയ അച്ചടക്ക ലംഘനങ്ങളും അതില്‍ ഉയര്‍ന്ന പരാതികളും കമ്മീഷന്‍ പരിഗണിച്ചു. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തും കമ്മീഷന്‍ തെളിവെടുത്തിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിരുന്നുവെങ്കിലും ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച് മാറ്റി വെയ്ക്കുകയായിരുന്നു. ഒടുവില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും കടുത്ത നടപടി ആവശ്യം നിരാകരിച്ചു നടപടികളില്‍ ഏറ്റവും ലഘുവായ നടപടി സ്വീകരിക്കുകയും ചെയ്തു. അച്യുതാനന്ദന്റെ വിശദീകരണം കൂടി കേട്ട ശേഷമായിരുന്നു നടപടി തീരുമാനിച്ചത്.
തുടര്‍ച്ചയായ രണ്ടു കേന്ദ്രകമ്മിറ്റികളില്‍ പരസ്യ ശാസന ഏറ്റുവാങ്ങേണ്ടി വന്നുവെന്ന പ്രത്യേകതയും അച്യുതാനന്ദനു മാത്രം സ്വന്തം.

2010-ലായിരുന്നു ഇത്. മൂന്നു മാസത്തെ ഇടവേളയിലാണ് രണ്ടു കേന്ദ്രകമ്മിറ്റികളും ചേര്‍ന്നത്. ജൂലൈ 22-നായിരുന്നു പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചതിന് ഇതിനു മുമ്പു നടപടിയുണ്ടായത്. അച്യുതാനന്ദനെതിരായ കുറ്റപത്രം പരസ്യപ്പെടുത്തിയതും അന്നായിരുന്നു. ഇന്നലെയും അച്ചടക്ക നടപടി സി.പി.എം പരസ്യപ്പെടുത്തി. ഇന്നലത്തെ നടപടി കൂടിയായപ്പോള്‍ തുടര്‍ച്ചയായ നാലു നടപടികളും ഞായറാഴ്ച ആയിരുന്നുവെന്നതും യാദൃശ്ചികം. 2009 ജൂലൈ 12-ന് പാര്‍ട്ടി പൊളിറ്റ്ബ്യൂറോയില്‍ നിന്നും പുറത്താക്കിയതും ഞായറാഴ്ചയായിരുന്നു.

മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ജൂലൈ 22-ന് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം പാര്‍ട്ടി വിരുദ്ധ നിലപാടിന്റെ പേരില്‍ പരസ്യമായി ശാസിച്ചതും ഞായറാഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റിയായിരുന്നു. അന്നു തെറ്റ് ഏറ്റു പറഞ്ഞതു കൊണ്ട് മാത്രമായിരുന്നു കടുത്ത നടപടി ഒഴിവായത്. മൂന്നു മാസത്തിനു ശേഷം പാര്‍ട്ടിയെ വെല്ലുവിളിച്ചതിനു പരസ്യ ശാസന ഏറ്റു വാങ്ങേണ്ടി വന്നതും ഞായറാഴ്ചയായിരുന്നു. ഒടുവില്‍ പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുന്നതും ഞായറാഴ്ചയായിരുന്നു.

മുന്നറിയിപ്പ്, താക്കീത്, ശാസന, പരസ്യശാസന, തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നും ഒഴിവാക്കല്‍, അംഗത്വത്തില്‍ നിന്നും സസ്പെന്‍ഷന്‍, പുറത്താക്കല്‍ തുടങ്ങിയ നടപടികളാണ് ഭരണഘടന പ്രകാരം അച്ചടക്ക ലംഘനത്തിനു സ്വീകരിക്കുന്നത്. അച്ചടക്ക ലംഘനമാണെന്ന് അതു നടത്തിയവരെ ബോധ്യപ്പെടുത്തിയ ശേഷമാണ് നടപടി സ്വീകരിക്കുന്നത്. തെറ്റ് ഏറ്റു പറഞ്ഞാല്‍ നടപടി ലഘൂകരിക്കും. നടപടിയെടുക്കുമ്പോള്‍ സാധാരണഗതിയില്‍ അംഗങ്ങളുടെ സീനിയോറിറ്റി പരിഗണിക്കില്ലെങ്കിലും അച്യുതാനന്ദന് ഈ ആനുകൂല്യം പാര്‍ട്ടി നല്‍കി. 2010 ജൂലൈയില്‍ തെറ്റ് ഏറ്റു പറഞ്ഞതു കൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു.

തെറ്റ് പരസ്യമായി ഏറ്റു പറയണമെന്നും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇത്തവണത്തെ നടപടിയിലൂടെ സി.പി.എം നിലപാട് വ്യക്തമാക്കുന്നു. ഇനിയും സമീപനം മാറ്റിയില്ലെങ്കില്‍ കൈവിടേണ്ടി വരുമെന്ന് വ്യക്തമായ സൂചനയാണ് കേന്ദ്രകമ്മിറ്റി നല്‍കുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതിനു മുമ്പ് 1962-ലായിരുന്നു ആദ്യ നടപടി. ഇന്ത്യ-ചൈന യുദ്ധകാലത്തു കമ്മ്യൂണിസ്റ്റുകാരെ ചൈന ചാരന്മാരെന്നു മുദ്രകുത്തി സര്‍ക്കാര്‍ വേട്ടയാടി പൂജപ്പുര ജയിലില്‍ കഴിഞ്ഞ അച്യുതാനന്ദന്‍ ശിക്ഷായിളവു പ്രതീക്ഷിച്ചു സര്‍ക്കാരിനെ സഹായിക്കാന്‍ ശ്രമിച്ചു. ഭക്ഷണസാധനങ്ങള്‍ മിച്ചം പിടിച്ചു ജയിലില്‍ വിറ്റു കിട്ടുന്ന പണം യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കാനും ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കാനും ആഹ്വാനം ചെയ്തു.

രാജ്യസ്നേഹം പ്രകടിപ്പിക്കാനെന്ന വ്യാഖ്യാനമാണ് ഇതിനു നല്‍കിയത്. ഇതു പാര്‍ട്ടി നിലപാടിനു വിരുദ്ധമാണെന്നു കേന്ദ്രകമ്മിറ്റി വിലയിരുത്തു. കേന്ദ്രകമ്മിറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്കു തരം താഴ്ത്തിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. എ.ഡി.ബി വായ്പയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പാര്‍ട്ടി വിശുദ്ധമായ സമീപനം സ്വീകരിച്ചതിനെ തുടര്‍ന്ന് 2007 പി.ബി താക്കീത് ചെയ്തു. അതേവര്‍ഷം തന്നെ പാര്‍ട്ടി താക്കീത് വകവെയ്ക്കാതെ പരസ്യമായി വാദപ്രതിവാദം നടത്താന്‍ അച്യുതാനന്ദന്‍ മുന്നോട്ടു വന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന നടത്തിയതിനു പി.ബിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. വാര്‍ത്താസമ്മേളനം വിളിച്ച് അച്യുതാനന്ദനു മറുപടി നല്‍കിയതിനു പിണറായി വിജയനെതിരെയും നടപടി സ്വീകരിച്ചു.

തിരികെ പൊളിറ്റ് ബ്യൂറോയില്‍ എത്തിയെങ്കിലും ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു. പരസ്യമായി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകള്‍ നടടത്തി. ഇതിനായിരുന്നു 2009 ജൂലൈയില്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കിയത്. ഇതിനു ശേഷം കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നിട്ടും അച്യുതാനന്ദനെ പി.ബിയില്‍ തിരിച്ചെടുക്കാത്തതും നടപടിക്കു സമാനമായ നിലപാടായിരുന്നു. അന്നു പൊതുസമ്മേളനം ബഹിഷ്‌കരിച്ചാണ് അച്യുതാനന്ദന്‍ പാര്‍ട്ടി നിലപാടിനെ വെല്ലുവിളിച്ചത്. ഇതിനു ശേഷം ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വാര്‍ത്താസമ്മേളനം നടത്തി. അന്നു സംസ്ഥാന സെക്രട്ടറിയെ ഡാങ്കെയോടു ഉപമിച്ചതിനായിരുന്നു പരസ്യമായ ശാസന. അന്ന് തെറ്റ് ഏറ്റു പറഞ്ഞതു കൊണ്ടു മാത്രമായിരുന്നു കടുത്ത നടപടികള്‍ ഒഴിവായത്.

ഒരു സംസ്ഥാന സമ്മേളനത്തിനിടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു നടപടിയെടുക്കുന്നതും അച്യുതാനന്ദന്റെ കാര്യത്തിലായിരുന്നു. ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം ചേരുന്നതിനിടയില്‍ ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ പിണറായി വിജയനെതിരെയും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെയും പരസ്യമായി പ്രതികരിച്ചതിനായിരുന്നു നടപടി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ അഭിമുഖം ച്#ച്ച ചെയ്യുകയും അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകളില്‍ നിന്നും പിന്മാറണമെന്നും പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

ഇത് വിവരിക്കുന്ന പ്രമേയം പരസ്യപ്പെടുത്തി. കേന്ദ്രകമ്മിറ്റി അംഗമായിരുന്ന അച്യുതാനന്ദനെതിരെയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നടപടി. ഇതിനെ അച്യുതാനന്ദന്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ആലപ്പുഴ സമ്മേളനത്തില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തു. ഇതും പി.ബി. കമ്മീഷന്‍ പരിശോധിച്ചു. അച്യുതാനന്ദന്‍ ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും കമ്മീഷന്‍ അതു പരിഗണിച്ചില്ല. പ്രായവും നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പരിഗണിച്ചു മാത്രമാണ് ഇത്തവണ കടുത്ത നടപടിയില്‍ നിന്നും ഒഴിവായതെന്നും വ്യക്തമാണ്.