ചൈനയെ പിന്തള്ളി ഇന്ത്യക്ക് കരീടം; ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ജേതാക്കള്‍

ജാവലിന്‍ ത്രോയില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ ഇന്ത്യയുടെ നീരജ് ചോപ്ര

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ചൈനയുടെയും കസാക്കിസ്ഥാന്റെയും ഇറാന്റെയും വെല്ലുവിളി മറികടന്ന് ആധികാരികമായി ഇന്ത്യ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി.
12 സ്വര്‍ണടമക്കം 29 മെഡലുകളോടെയാണ് ഇന്ത്യ മുന്നേറിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും മെഡലുകള്‍ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്. 1989 ലെ 22 മെഡലുകളുടെ റെക്കോഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. ഇത്രയും സ്വര്‍ണം ഇന്ത്യ നേടുന്നതും നടാടെയാണ്. 1985 ല്‍ ജക്കാര്‍ത്തയില്‍ 10 സ്വര്‍ണം നേടിയതായിരുന്നു ഇന്ത്യയുടെ ഇതിന് മുമ്പത്തെ മികച്ച സ്വര്‍ണ വേട്ട. പി ടി ഉഷയുടെ നാല് സ്വര്‍ണത്തിന്റെ മികവിലായിരുന്നു ഇന്ത്യയുടെ അന്നത്തെ കുതിപ്പ്. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം ഉയര്‍ത്തുന്നത് ആദ്യമായാണ്.
ആറു തവണ രണ്ടാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടങ്ങള്‍. ഒടുവില്‍ സ്വന്തം നാട്ടില്‍ കിരീടം ഉയര്‍ത്തി കോട്ടം തീര്‍ക്കാന്‍ ഇന്ത്യയ്ക്കായി. ലോക കായിക ഭൂപടത്തിലെ പ്രമുഖരായ ചൈനയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. എട്ട് സ്വര്‍ണമടക്കം 20 മെഡലുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യയാകട്ടെ 12 സ്വര്‍ണത്തിനൊപ്പം അഞ്ച് വെള്ളിയും 12 വെങ്കലവും സ്വന്തമാക്കി. ചൈനീസ് നഗരായ വുഹാനില്‍ നടന്ന കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം, അഞ്ച് വെള്ളി, നാല് വെങ്കലമടക്കം 13 മെഡലുകളോടെ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. ചാമ്പ്യന്‍മാരായിരുന്ന ചൈനയ്ക്ക് 15 സ്വര്‍ണമടക്കം 41 മെഡലുകളുണ്ടായിരുന്നു. ഏഴു സ്വര്‍ണമടക്കം 10 മെഡലുകളോടെ ഖത്തറായിരുന്നു മൂന്നാമത്.
മീറ്റിന്റെ സമാപന ദിവസവും ഇന്ത്യ ആധിപത്യം പുലര്‍ത്തി. അവസാന ദിനം അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്. ദീര്‍ഘദൂര ഓട്ടക്കാരന്‍ ജി.ലക്ഷ്മണന്‍ ഇരട്ടസ്വര്‍ണം നേടി എന്നതാണ് സമാപന ദിവസത്തിന്റെ പ്രത്യേകത. ആദ്യ ദിനം 5000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന ലക്ഷ്മണന്‍ ഇന്നലെ 10,000 മീറ്ററിലും ഒന്നാമതെത്തി. ഇതേ ഇനത്തില്‍ മലാളി താരം ടി.ഗോപി വെള്ളി സ്വന്തമാക്കി. പുരുഷ, വനിതാ വിഭാഗം വിഭാഗം 400 മീറ്റര്‍ റിലെ, വനിതാ വിഭാഗം ഹെപ്റ്റാത്ത്‌ലണ്‍, പുരുഷ വിഭാഗം ജാവലിന്‍ ത്രോ എന്നീ ഇനങ്ങളിലും ഇന്ത്യ സമാപന ദിവസം സ്വര്‍ണം നേടി.
ജാവലിന്‍ ത്രോയില്‍ മീറ്റ് റെക്കോഡുമായി നീരജ് ചോപ്രയാണ് (85.23 മീ) ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. എന്നാല്‍ സ്വന്തം പേരിലുള്ള ഇന്ത്യന്‍ റെക്കോഡ് മറികടക്കാന്‍ നീരജിനായില്ല. ഇതേ ഇനത്തില്‍ ദവീന്ദെര്‍ സിങ്ങ് ഇന്ത്യക്കായി വെങ്കലം നേടി. വനിതാ വിഭാഗം ഹെപ്റ്റാത്ത്‌ലണില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള സ്വപ്‌ന ബര്‍മനാണ് ഒന്നാമതെത്തിയത്. 5942 പോയിന്റുമായി സ്വപ്‌ന സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരമായ പൂര്‍ണിമ വെങ്കലം നേടി. 5798 പോയിന്റോടെയായിരുന്നു പൂര്‍ണിമയുടെ വെങ്കലം. എന്നാല്‍ മലയാളി താരം ലിക്‌സി ജോസഫിന് നാലാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളു.
പുരുഷ വിഭാഗം 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം നേടി. ജിന്‍സണിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും അവസാന ലാപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1:50.07 സെക്കന്‍ഡ് എടുത്താണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. 1:45.90 സെക്കന്‍ഡ് ആണ് ജിന്‍സന്റെ മികച്ച സമയം. കുവൈത്തിന്റെ അല്‍സൊഫെയ്‌രിക്കാണ് (1:49.47) ഈ ഇനത്തില്‍ സ്വര്‍ണം. വെള്ളി മെഡല്‍ ഖത്തറിന്റെ ജമാല്‍ ഹയ്‌രാനെ നേടി (1:49.94).
അതിനിടെ വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയ അര്‍ച്ചന ആദവിനെ അയോഗ്യയാക്കി. ഫോട്ടോ ഫിനിഷിങ്ങിനിടെ ശ്രീലങ്കന്‍ താരത്തെ കൈ കൊണ്ട് തള്ളിയതാണ് അര്‍ച്ചനക്ക് വിനയായത്. രണ്ടാമതെത്തിയ ലങ്കന്‍ താരം നിമാലി വലിവര്‍ഷ സ്വര്‍ണത്തിലേക്കും വെങ്കലം നേടിയ ഗായന്തിക തുഷാരി വെള്ളിയിലേക്കും ഉയര്‍ന്നു. വെങ്കലം ജപ്പാന്റെ ഫുമികയ്ക്കാണ്. ഈ ഇനത്തില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ടിന്റു ലൂക്ക മല്‍സരം പൂര്‍ത്തിയാക്കാനാതെ മടങ്ങി. കടുത്ത പനി മൂലം 500 മീറ്റര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടിന്റു പിന്‍മാറി.
അതിനിടെ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ താരങ്ങളായ കമല്‍പ്രീത് കൗര്‍, സീമ പുണിയ, ഹിമാനി സിങ്ങ് എന്നിവര്‍ യഥാക്രമം അഞ്ച്, ആറ്,ഏഴ് സ്ഥാനങ്ങളിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.