ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യം

ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ സെമിയിലെത്തണമെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യം. പൂളിലെ അവസാന മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യയെ വിജയത്തില്‍ കുറഞ്ഞൊന്നും മുന്നോട്ട് നയിക്കുന്നില്ല. ഇന്ന് തോറ്റാല്‍ സെമി കാണാതെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ജയിച്ചാല്‍ മാത്രമേ ന്യൂസിലന്‍ഡും സെമിയിലെത്തൂ. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തില്‍ തീ പാറുമെന്ന് ഉറപ്പായി.

ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയയോടും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതയ്ക്ക് മങ്ങലേറ്റത്. തുടര്‍ച്ചയായ നാലു വിജയങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ രണ്ടു തോല്‍വികള്‍. ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ അവസാന മൂന്നു മല്‍സരത്തില്‍ ഒരു ജയം മതിയായിരുന്നു.

എന്നാല്‍ രണ്ടിലും തോറ്റതോടെ കാര്യങ്ങള്‍ ദുഷ്‌ക്കരമായി. നിലവില്‍ ആറു മല്‍സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി ന്യൂസിലന്‍ഡ് അഞ്ചാമതും. ഇംഗ്ലണ്ട് (10), ഓസ്‌ട്രേലിയ (10), ദക്ഷിണാഫ്രിക്ക (9) ടീമുകള്‍ സെമി ഉറപ്പാക്കി. അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നത്. വിന്‍ഡീസ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകള്‍ നേരത്തെ തന്നെ പുറത്തായി.
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു. തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെയാണ് നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.

വനിതാ ക്രിക്കറ്റിലെ കരുത്തുറ്റ ടീമുകളിലൊന്നാണ് ന്യൂസിലന്‍ഡ്. ലോകകപ്പില്‍ ഇരു ടീമുകളും തമ്മില്‍ പരസ്പരം 10 തവണ ഏറ്റുമുട്ടി.
ഒമ്പതിലും വിജയം ന്യൂസിലന്‍ഡിനായിരുന്നു. ഇന്ത്യയുടെ ഏക വിജയം 2005 ലോകകപ്പ് സെമിയിലായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യ വനിതാ ലോകകപ്പ് ഫൈനല്‍ കളിച്ചതും അന്നാണ്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ 40 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. നിലവിലെ ടീമില്‍ കളിക്കുന്ന ജൂലന്‍ ഗോസ്വാമിയും മിതാലി രാജും അന്നുണ്ടായിരുന്നു. അന്ന് ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പറായിരുന്ന ഹെയ്ദീ ടിഫിനാണ് നിലവില്‍ ടീം പരിശീലകന്‍.
അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റപ്പോള്‍ ഇംഗ്ലണ്ടിനോടായിരുന്നു ന്യൂസിലന്‍ഡിന്റെ പരാജയം. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

അതേ സമയം ഇന്നത്തെ മല്‍സരത്തില്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനാണ്. ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്‌സ് അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമിലാണ്. 2008 ബീജിങ് ഒളിമ്പിക്‌സില്‍ ന്യൂസിലന്‍ഡ് ബാസ്‌ക്കറ്റ്‌ബോള്‍ താരമായിരുന്നു ബെയ്റ്റ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏക ഒളിമ്പ്യനാണ് ബെയ്റ്റ്‌സ്. 16 കാരി ലെഗ് സ്പിന്നര്‍ അമേലിയ കെര്‍ ആണ് മറ്റൊരു ആകര്‍ഷണം.

ഇന്ത്യയുടെ ബാറ്റിങ് നിരയും മോശമല്ല. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരിയും വിക്കറ്റ് വേട്ടക്കാരിയും യഥാക്രമം ഇന്ത്യയുടെ മിതാലി രാജും ജൂലന്‍ ഗോസ്വാമിയുമാണ്. ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ്മ, പൂനം യാദവ്, സ്മൃതി മന്ദാന തുടങ്ങിയവരിലും ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നു.
പൂളിലെ മല്‍സരങ്ങളെല്ലാം ഇന്നത്തോടെ അവസാനിക്കുകയാണ്. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക, ശ്രീലങ്ക- പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍- ശ്രീലങ്ക എന്നിവര്‍ തമ്മിലാണ് ഇന്നത്തെ മറ്റു മല്‍സരങ്ങള്‍.