ബി.സി.സി.ഐയുടെ പൂര്‍ണ്ണപിന്തുണ രവിശാസ്ത്രിക്ക്‌

മുംബൈ: ഇന്ത്യയുടെ പുതിയ കോച്ച് രവി ശാസ്ത്രിക്ക് പൂര്‍ണ പിന്തുണയുമായി ബിസിസിഎഐ. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയുടെ തീരുമാനത്തിന് വിപരീതമായി ഇന്ത്യന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ബിസിസിഐ.

പുതിയ കോച്ച് രവി ശാസ്ത്രിക്ക് സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി ബി.സി.സി.ഐ അറിയിച്ചു. അതോടൊപ്പം പരിശീലകനായി സഹീര്‍ ഖാനെയും ബാറ്റിങ് ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും നിയമിച്ച കാര്യം ബി.സി.സി.ഐ പരാമര്‍ശിച്ചുമില്ല.

പരിശീലകനായി തെരഞ്ഞെടുത്ത ശേഷം രവി ശാസ്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും ഓരോ വിദേശ പര്യടനത്തിനുമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫിനെ ടീമിന്റെ ആവശ്യമനുസരിച്ചാണ് തെരഞ്ഞെടുക്കയെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇതോടെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് രവി ശാസ്ത്രിക്ക് താല്‍പര്യമുള്ളവര്‍ വരുമെന്ന് ഉറപ്പായി. ബൗളിങ് പരിശീലകനായി ഭരത് അരുണും ബാറ്റിങ് കോച്ചായി സഞ്ജയ് ബംഗാറും ഫീല്‍ഡിങ്ങ് പരിശീലകനായി ആര്‍.ശ്രീധറുമാകും എത്തുക. ശാസ്ത്രി ടീം ഡയറക്ടറായിരുന്നപ്പോള്‍ ഇവര്‍ സപ്പോര്‍ട്ടിങ് സ്റ്റാഫായി കൂടെയുണ്ടായിരുന്നു.

ഇതോടെ മുന്‍ ഇതിഹാസ താരങ്ങള്‍ അടങ്ങിയ ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിലയില്ലാതെയായി. രവി ശാസ്ത്രിയുടെ താല്‍പര്യത്തിനനുസരിച്ച് സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിക്കാനാകില്ലെന്ന് ഏറ്റവും കൂടുതല്‍ വാദിച്ചത് ഗാംഗുലിയായിരുന്നു. ഇതിന്റെ പേരില്‍ അഭിമുഖത്തിനിടയില്‍ ഗാംഗുലിയും ശാസ്ത്രിയും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി.

സഹീര്‍ ഖാനെ ബൗളിങ് പരിശീലകനാക്കണമെന്ന നിര്‍ദേശമാണ് ഗാംഗുലി മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് ബി.സി.സി.ഐ പിന്നോട്ടു വലിയുന്ന കാഴ്ചയാണ് കാണുന്നത്. അത് ഗാംഗുലിയുടേതടക്കം നിലപാടിനേറ്റ തിരിച്ചടിയാകും. രവി ശാസ്ത്രിയുടെ തീരുമാനം നടപ്പിലാവുകയാണെങ്കില്‍ ദ്രാവിഡും സഹീറും ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സറ്റാഫിലുണ്ടാകാന്‍ സാധ്യതയില്ല.