പാര്‍ട്ടിയും സര്‍ക്കാരും രണ്ടുവഴിക്ക്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

പൊലീസിനെതിരെ അതൃപ്തി ; ഭരണത്തിന് വേഗതപോര; ഉദ്യോഗസ്ഥ ദുര്‍ഭരണമെന്നും സംസ്ഥാന സമിതിയില്‍ ആക്ഷേപം

-സ്വന്തം ലേഖകന്‍-

പിണറായിയുടെ പൊലീസ് ഭരണത്തിനെതിരെ സിപിഎമ്മില്‍ അതൃപ്തി പുകയുന്നു. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ നിലവിലെ പാര്‍ട്ടി സെക്രട്ടറിയും, നിലവില്‍ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയും തമ്മില്‍ കൂടിയാലോചന പോലുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കോടിയേരിയുടെ തന്ത്രപരമായ നിലപാട്, തല്‍ക്കാലം അസ്വാരസ്യങ്ങള്‍ക്ക് ഇട നല്‍കുന്നില്ലെന്ന് മാത്രം. സി.ഐ.ടി.യു എറണാകുളം ജില്ലാനേതാവ് ഗോപിനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ അന്വേഷണം ശരിയായ ദിശയിലല്ലാ നീങ്ങുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പരക്കെ ആക്ഷേപമുണ്ട്. അന്വേഷണം ത്വരിതപ്പെടുത്തണെന്ന് ആവശ്യപ്പെട്ട് ഗോപിനാഥന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതെല്ലാം പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തിയുടെ ലക്ഷണങ്ങളാണ്.
മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തരവകുപ്പിനും പൊതുഭരണവകുപ്പിനും എതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. ഭരണമാറ്റം പൊലീസില്‍ പ്രകടമായിട്ടില്ലെന്ന് ചില സംസ്ഥാന സമിതിയംഗങ്ങള്‍ യോഗത്തില്‍ തുറന്നടിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സി.പി.എമ്മില്‍ വിമര്‍ശനമുണ്ടാകുന്നത്. ഗുണ്ടാ, മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും പല പൊലീസ് സ്റ്റേഷനുകളിലും പ്രധാന ചുമതല വഹിക്കുകയാണ്. ഇവരുടെ പ്രവര്‍ത്തനം പാര്‍ട്ടിക്കും സര്‍ക്കാരിനും പൊതുസമൂഹത്തില്‍ നാണക്കേടുണ്ടാക്കുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പരസ്പരം ആക്ഷേപം ഉന്നയിക്കുന്നത് നിയന്ത്രിക്കുവാന്‍ നടപടിവേണം. ഉദ്യോഗസ്ഥ തലപ്പത്ത് നടക്കുന്ന ചേരിപ്പോര് സര്‍ക്കാരിന് നാണക്കേടാണെന്ന് കമ്മിറ്റിയില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളില്‍ കഴിഞ്ഞ കുറേദിവസങ്ങളായി നീറിപ്പുകയുന്ന അസ്വസ്ഥതയുടെ ബഹിസ്പുരണങ്ങളായിരുന്നു സംസ്ഥാന കമ്മിറ്റിയോഗത്തില്‍ നടന്നത്.
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ സിപിഎം സെല്‍ഭരണം എന്നത് പാര്‍ട്ടിവിരുദ്ധരുടെ കാലങ്ങളായുള്ള ആക്ഷേപമാണ്. മുഖ്യമന്ത്രി ആരായാലും ഭരണത്തിന്റെ കടിഞ്ഞാണ്‍ എകെജി സെന്ററിലാകും എന്നത് വലിയ അതിശയോക്തിയില്ലാതെ പാര്‍ട്ടി സഖാക്കളും അംഗീകരിക്കുമായിരുന്നു. പാര്‍ട്ടിക്ക് വഴങ്ങാത്ത വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴും വിട്ടുകൊടുക്കാതെ പാര്‍ട്ടി സെക്രട്ടറി പിണറായി കരുത്തുകാട്ടി പലപ്പോഴും. എന്നാലിതേ പിണറായി മുഖ്യമന്ത്രി കസേരയിലെത്തിയത് മുതല്‍ മുന്‍പെങ്ങുമില്ലാത്ത മട്ടില്‍ പാര്‍ട്ടി വെറും കാഴ്ചക്കാരന്റെ റോളിലാണ്. ഏത് സര്‍ക്കാരിനെ സംബന്ധിച്ചും തന്ത്രപ്രധാനമായ ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങളിലൊന്നും ഇപ്പോള്‍ പാര്‍ട്ടിക്ക് കാര്യമായൊരു പങ്കുമില്ലെന്ന സ്ഥിതിയാണ്. പാര്‍ട്ടിക്ക് താല്‍പര്യമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ പോലും സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇടപെടാന്‍ കഴിയുന്ന സാഹചര്യമില്ല. സാധാരണ ഗതിയില്‍ ജില്ലാ സെക്രട്ടറിമാരടക്കം നേതാക്കള്‍ സംസ്ഥാന സെക്രട്ടറി വഴി ആവശ്യപ്പെട്ട് നേടിയെടുക്കുന്ന പ്രധാന സ്ഥലംമാറ്റങ്ങള്‍ പോലും പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ കാര്യമായി നടന്നിട്ടില്ല. ഇന്നത്തെ നിലയില്‍ പൊലീസിന് വഴങ്ങി ജീവിക്കേണ്ട സാഹചര്യം കണ്ണൂര്‍ സഖാക്കള്‍ക്ക് മുന്‍പെങ്ങും ഉണ്ടായിട്ടില്ലത്രേ. എസ്പിയെ മാറ്റിനിയമിക്കണമെന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതാണ്. ഭരണത്തില്‍ യുഡിഎഫ് ആയിരുന്നെങ്കില്‍ ഇതിലും മുന്‍പെ അത് നടത്തിയെടുക്കാമായിരുന്നു എന്ന വികാരമാണ് നേതാക്കള്‍ക്ക് പോലുമുള്ളത്. ആവശ്യം ഉന്നയിച്ച് സമരം ചെയ്യാനും ഇപ്പോള്‍ കഴിയില്ല. മികച്ച ആഭ്യന്തരമന്ത്രിയെന്ന് പേരെടുത്ത്,, കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ അഞ്ചുവര്‍ഷവും തികച്ച കോടിയേരി ബാലകൃഷ്ണനോട് പോലും കൂടിയാലോചനയില്ല. സ്വതവേ പാര്‍ട്ടിക്ക് താല്‍പര്യമില്ലാത്ത ചില ഉദ്യോഗസ്ഥരും സിപിഎമ്മിന് പുറത്തുള്ളവരുമാണ് മുഖ്യമന്ത്രിയുടെ ഉപദേശക വൃന്ദത്തിലുള്ളത് എന്നതും സാധാരണ ഗതിയില്‍ പാര്‍ട്ടിക്ക് ദഹിക്കുന്ന കാര്യമല്ല. ഇവരുടെ വാക്കുകേട്ട് എടുത്ത സുപ്രധാന തീരുമാനങ്ങള്‍ പലതും പാളി,, പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുന്ന തലത്തിലേക്ക് വളരുമ്പോഴും തല്‍ക്കാലം സമവായത്തിന്റെ വഴിയാണ് പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയനെ സംബന്ധിച്ച് പൊതുവില്‍ രൂപപ്പെട്ടിട്ടുള്ള പ്രതിഛായ തന്നെയാണ് പ്രധാന കാരണം. എന്നാല്‍ അവഗണിക്കാനാകാത്ത സ്ഥിതിയിലേക്ക് പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പടരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.