ഭരത് അരുണിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങ് കോച്ചായി നിയമിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങ് കോച്ചായി മുന്‍ പേസര്‍ ഭരത് അരുണിനെ ബിസിസിഐ നിയമിച്ചു. സഞ്ജയ് ബംഗാറിനെ സഹപരിശീലകനായും ആര്‍. ശ്രീധറെ ഫീല്‍ഡിങ് കോച്ചായും നിലനിര്‍ത്തി. നിലവില്‍ ടീമിന്റെ ബാറ്റിങ്ങ് പരിശീലകന്‍ കൂടിയാണ് ബംഗാര്‍.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് ബിസിസിഐയുടെ നടപടി. രവി ശാസ്ത്രിയെ കോച്ചായി തിരഞ്ഞെടുത്ത ഉപദേശക സമിതി സഹീര്‍ ഖാനെ ബൗളിങ്ങ് പരിശീലകനായും രാഹുല്‍ ദ്രാവിഡിനെ വിദേശപര്യടനങ്ങളിലെ ബാറ്റിങ് ഉപദേശകനായും നിയമിച്ചിരുന്നു.
എന്നാല്‍ സഹീറിനെയും ദ്രാവിഡിനെയും ഉപദേഷ്ടാക്കളായി മാത്രം നിയോഗിക്കാമെന്നായിരുന്നു രവി ശാസ്ത്രിയുടെ നിലപാട്. സഹപരിശീലകരെ തിരഞ്ഞെടുക്കുന്നതു മുഖ്യ പരിശീലകന്റെ അധികാരമാണെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ഒടുവില്‍ ശാസ്ത്രിയുടെ വാക്കുകള്‍ക്ക് ബിസിസിഐ അംഗീകാരം നല്‍കുകയായിരുന്നു.

2019 ഏകദിന ലോകകപ്പ് വരെയാണ് ഭരത് അരുണിന്റെ കാലാവധി. രണ്ടാം തവണയാണ് അരുണ്‍ ബൗളിങ്ങ് പരിശീലകനാകുന്നത്. 2014ല്‍ ബൗളിങ് പരിശീലകനായി ചുമതലയേറ്റ അരുണ്‍, 2016ല്‍ ടീം ഡയറക്ടര്‍ സ്ഥാനത്തുനിന്നു ശാസ്ത്രി പുറത്താകും വരെ ടീമിനൊപ്പമുണ്ടായിരുന്നു.
അണ്ടര്‍-19 ടീമില്‍ ഒന്നിച്ചു കളിച്ച പരിചയം ശാസ്ത്രിയും ഭരത് അരുണുമുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിങ്ങ് ഉപദേഷ്ടാവായിരുന്ന അരുണിനെ 2014ല്‍ സീനിയര്‍ ടീമിനൊപ്പം നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചതു ശാസ്ത്രിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു.

ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമില്‍ ബൗളിങ്ങ് കോച്ചിനെ നിയമിക്കുന്നത്. ഈ മാസം 26 ന് തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തോടെ കോച്ചടക്കമുള്ളവരുടെ ജോലി ഔദ്യോഗികമായി ആരംഭിക്കും. പരമ്പരയില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20 യുമാണുള്ളത്.

26 ന് ഗാളിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഓഗസ്റ്റ് മൂന്നു മുതല്‍ കൊളംബോയിലും ഓഗസ്റ്റ് 12 മുതല്‍ കാന്‍ഡിയിലും തുടര്‍ ടെസ്റ്റുകള്‍ നടക്കും. ഓഗസ്റ്റ് 20, 24, 27, 31, സെപ്തംബര്‍ മൂന്ന് തീയതികളിലാണ് ഏകദിന മല്‍സരങ്ങള്‍. ഏക ട്വന്റി-20 സെപ്തംബര്‍ ആറിന് നടക്കും. പര്യടനത്തിനായി ഇന്ന് ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് തിരിക്കും.