വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇംഗ്ലണ്ട് ഫൈനലില്‍

ബ്രിസ്റ്റോള്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഫൈനലില്‍.
അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്ക നല്‍കിയ 219 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടു പന്ത് അവശേഷിക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വാലറ്റത്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്ന ഗുന്നിന്റെ പ്രകടനം ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. ഓപ്പണര്‍ ലൗറ വോല്‍വാര്‍റ്റിന്റെയും മിഗ്നോണ്‍ ഡു പ്രീസിന്റെയും അര്‍ധ സെഞ്ചുറികളാണ് ഭേദപ്പെട്ട സ്‌കോറില്‍ ദക്ഷിണാഫ്രിക്കയെ എത്തിച്ചത്.
18 കാരി ലൗറ 81 പന്തില്‍ നിന്ന് ആറു ഫോറുള്‍പ്പെടെ 66 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ ലൗറയുടെ നാലാം അര്‍ധ സെഞ്ചുറിയാണ്. 76 റണ്‍സോടെ മിഗ്നോണ്‍ പുറത്താകാതെ നിന്നു. 95 പന്തില്‍ നിന്ന് അഞ്ച് ഫോറുള്‍പ്പെട്ടതായിരുന്നു മിഗ്നോണിന്റെ ഇന്നിംഗ്‌സ്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നെക്‌റക് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. വോല്‍വാര്‍റ്റും ലിസെല്‍ ലീയും ചേര്‍ന്നാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ഇന്നിംഗ്‌സിലെ ആദ്യ പന്ത് തന്നെ വോല്‍വാര്‍റ്റ് ബൗണ്ടറി കടത്തി.
പക്ഷെ സ്‌കോര്‍ 21 ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത ലീയെ അന്യ ഷ്‌റബ്‌സോള്‍ ക്ലീന്‍ ബൗള്‍ഡാക്കി. അതിനിടെ ശക്തായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് വോല്‍വാര്‍റ്റ് രക്ഷപ്പെട്ടു. 27 റണ്‍സ് കൂട്ടിച്ചേര്‍ക്കെ രണ്ടാം വിക്കറ്റും വീണു. ട്രിഷ ചെറ്റിസിനെ നാറ്റ് സൈ്വറിന്റെ പന്തില്‍ മികച്ചൊരു നീക്കത്തിലൂടെ സാറാ ടെയ്‌ലര്‍ സ്റ്റമ്പ് ചെയ്തു.

മൂന്നാം വിക്കറ്റില്‍ വാല്‍വാര്‍റ്റും പ്രീസും 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അപകടകരമായി കുതിച്ച ഈ കൂട്ടുകെട്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ഒടുവില്‍ പൊളിച്ചു. വോല്‍വാര്‍റ്റിനെ പുറത്താക്കി നൈറ്റ് ഇംഗ്ലണ്ടിനെ മല്‍സരത്തില്‍ തിരിച്ചെത്തിച്ചു. തൊട്ടടുത്ത പന്തില്‍ മരിസെയ്ന്‍ കാപ്പ് പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷേ ഇതേ ഓവറില്‍ കാപ്പ് റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക നാലിന് 126.
അഞ്ചാം വിക്കറ്റില്‍ വാന്‍ നിര്‍കെര്‍കും പ്രീസും 42 റണ്‍സ് ചേര്‍ത്തു.റണ്ണൗട്ടിലൂടെയായിരുന്നു നിര്‍കെര്‍കിന്റെ മടക്കവും. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കെ ചോലെ ടൈറോണും പുറത്ത്. ജെന്നി ഗുന്‍, സ്വന്തം പന്തില്‍ ടൈറോണിനെ പിടികൂടി.

അപരാജിത ഏഴാം വിക്കറ്റില്‍ പ്രീസും സുന്‍ ലൂസും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലൂസ് 25 പന്തില്‍ നിന്ന് ഒരു ഫോറുള്‍പ്പെടെ 21 റണ്‍സോടെ പുറത്താകാതെ നിന്നു.